എല്‍.ജെ.ഡിയുടെ നിരാഹാര സമരം അപഹാസ്യമെന്ന് യു.ഡി.എഫ്.

0

കല്‍പ്പറ്റ: മേപ്പാടി – ചൂരല്‍മല റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍.ജെ. ഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നിരാഹാര സമരം അപഹാസ്യമെന്ന് യു.ഡി.എഫ്. റോഡ് നിര്‍മാണം നടക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് ഇക്കാലമത്രയും ഒരു ഇടപെടലും നടത്താത്ത ഭരണ കക്ഷിയില്‍പ്പെട്ട പാര്‍ട്ടിയും, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായ എം.പിയും സമരവുമായി രംഗത്തെത്തിയതെന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018 ല്‍ 41 കോടി രൂപ കിഫ്ബി ഫണ്ടില്‍ വകയിരുത്തി നിര്‍മാണം ആരംഭിച്ച മേപ്പാടി – ചൂരല്‍മല റോഡ് നിര്‍മാണം മൂന്ന് വര്‍ഷമായിട്ടും 40 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. റോഡിനാവശ്യമായ എസ്റ്റേറ്റ് ഭൂമി വിട്ടു കിട്ടുന്നതിനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല.

ഭൂമി വിട്ടുകിട്ടാത്തതിന്റെ പേരില്‍ കിഫ്ബി കഴിഞ്ഞ മെയ് മാസത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി പണി നിര്‍ത്തിവെച്ചു. ടി. സിദ്ദിഖ് എം എല്‍ എയുടെ ഇടപെടലില്‍ ജില്ലാകലക്ടര്‍, പി ഡബ്ല്യു ഡി ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, എസ്റ്റേറ്റ് മാനേജ്മെന്റ് തുടങ്ങിയവര്‍ യോഗം വിളിച്ച് ചേര്‍ക്കുകയും എസ്റ്റേറ്റ് മാനേജ്മെന്റ് ഭൂമി വിട്ടുനല്‍കാന്‍ കളക്ടര്‍ കത്ത് നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും മാനേജ്മെന്റ് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചതുമാണെന്നും, കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി, എം എല്‍ എ, കലക്ടര്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവര്‍ കൂടിയാലോചന നടത്തിയതില്‍ നിലവിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുകയും, ആവശ്യമായ ഫണ്ട് വകയിരുത്തി നിര്‍മാണം ആരംഭിക്കാനും പോകുകയാണെന്നും ഇവര്‍ പറഞ്ഞു.

ഈ അവസരം മുതലെടുത്താണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ സമരമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ ടി ഹംസ, കണ്‍വീനര്‍ ബി സുരേഷ്ബാബു, ഒ ഭാസ്‌കരന്‍, പി കെ അഷ്റഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!