ആളെ കൊല്ലും മരം; ശ്വാസംമുട്ടിച്ചു പൊള്ളിക്കുന്ന ദുരിതം; ലോകത്തിലെ തന്നെ അപകടകാരി

0

ഒരു മഴ വന്നാല്‍ കയ്യില്‍ കുടയില്ലെങ്കില്‍ നമുക്കെല്ലാം അഭയം നല്‍കുക മരങ്ങളായിരിക്കും. ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പൊഴിഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ നനഞ്ഞു നില്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. മഴയ്ക്കൊടുവില്‍ മരം പെയ്യുന്നതും സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. എന്നാല്‍ മരത്തില്‍നിന്നു മരണം പെയ്തിറങ്ങിയാലോ? കരീബിയന്‍ ദ്വീപസമൂഹങ്ങളിലേക്കു വിനോദയാത്ര പോകുന്നവര്‍ക്ക് എന്നും പേടിസ്വപ്നമാകുന്ന അത്തരമൊരു മരമുണ്ട്. ട്രീ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മരം എന്നാണ് അതിന്റെ പേരുതന്നെ. മഞ്ചിനീല്‍ എന്നറിയപ്പെടുന്ന ഈ മരത്തിന്റെ സമീപത്തേക്കു പോകുന്നതുതന്നെ അപകടകരമാണ്. ഇതിന്റെ ഫലം ഭക്ഷിച്ചാല്‍ മരണം വരെ സംഭവിക്കാം.

മഴനേരത്ത് ഈ മരത്തിന്റെ ചുവട്ടില്‍നിന്നാല്‍ ദേഹത്തേക്ക് ഇലകളില്‍നിന്നും മറ്റും വീഴുന്ന വെള്ളം മതി പൊള്ളലേല്‍ക്കുന്നതിനു കാരണമാകാന്‍. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൃക്ഷം എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ പോലും ഇടം നേടിയതാണ് Hippomane mancinella എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മഞ്ചിനീല്‍. ഒറ്റനോട്ടത്തില്‍ ഭക്ഷ്യയോഗ്യമെന്നു കരുതുന്നവയാണ് ഇവയുടെ ഫലം. നല്ല സുഗന്ധവുമാണ്.

കരീബിയന്‍ ദ്വീപുകള്‍, വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങള്‍, സെന്‍ട്രല്‍ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലാണ് ഈ മരം പ്രധാനമായും വളരുന്നത്. പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം മരണത്തിനു വരെ കാരണമാകുന്ന അപകടകാരിയാണ് ഈ മരം. പക്ഷേ ടൂറിസ്റ്റുകളാണ് പലപ്പോഴും മരത്തിലെ പഴത്തിന്റെ സുഗന്ധത്തില്‍ ആകൃഷ്ടരായി അതു കഴിക്കുക. കൊടും എരിവാണ് പഴത്തിന്. കഴിച്ചതിനു തൊട്ടുപിന്നാലെ വായും കഴുത്തും അന്നനാളവുമെല്ലാം ചുട്ടെരിയും. പൊള്ളിയതു പോലെ പിടയും. ശ്വാസം കിട്ടാതെ വരും. തൊണ്ടയില്‍ ആരോ അമര്‍ത്തിപ്പിടിച്ചതു പോലുള്ള അവസ്ഥയും. വയറിളക്കവും ഛര്‍ദിയും വന്ന് ഒന്നും കഴിക്കാനാകാതെ നിര്‍ജലീകരണത്തിലൂടെ മരണം വരെ സംഭവിക്കാം. ബീച്ച് ആപ്പിള്‍ എന്നും വിഷപ്പേരയ്ക്ക എന്നും ഇവയ്്ക്കു പേരുണ്ട്.

പലയിടത്തും ഈ മരത്തിനു മുന്നില്‍ ‘സമീപത്തേക്കു പോലും വരരുത്, വിഷമരമാണ്’ എന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. യൂഫോര്‍ബിയ ജീനസില്‍പ്പെട്ട മരമാണ് മഞ്ചിനീല്‍. മരത്തിന്റെ ഏതാണ്ടെല്ലാ ഭാഗവും അപകടകാരിയാണെന്നാണ് ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൂഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ സയന്‍സസ് നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഇവയുടെ തൊലി, ഇല, പഴം തുടങ്ങി എല്ലാ ഭാഗങ്ങളില്‍നിന്നും ഒരുതരം കറ ഒലിച്ചിറങ്ങുന്നതാണു പ്രശ്നമുണ്ടാക്കുന്നത്. മനുഷ്യന്റെ ത്വക്കുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കമുണ്ടായാല്‍പിന്നെ പൊള്ളലേറ്റതു പോലെയാണ്.

കറയ്ക്കുള്ളില്‍ പലതരം അപകടകാരികളായ രാസവസ്തുക്കളുണ്ടെങ്കിലും ഫോര്‍ബോള്‍ എന്നറിയപ്പെടുന്ന വസ്തുവാണ് ഏറ്റവും പ്രശ്നക്കാരന്‍. ഇത് വെള്ളത്തില്‍ എളുപ്പത്തില്‍ ലയിച്ചു ചേരുന്നതാണ്. അതിനാല്‍ത്തന്നെ മരത്തിലേക്കു മഴവെള്ളം വീണ് ഒലിച്ചിറങ്ങുന്ന വെള്ളം ശരീരത്തില്‍ സ്പര്‍ശിച്ചാലും അപകടമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇവ പ്രകൃതിക്ക് നല്‍കുന്ന ഉപകാരം ചില്ലറയല്ല. സെന്‍ട്രല്‍ അമേരിക്കന്‍ ബീച്ചുകളിലെ തീരങ്ങളില്‍ പലയിടത്തും ഇവ നട്ടുപിടിപ്പിച്ചിട്ടുണ്ട് . അപകടസൂചനയായി ചുവപ്പ് നിറത്തില്‍ അടയാളവും പ്രത്യേക ബോര്‍ഡുമൊക്കെ സ്ഥാപിച്ചാണ് മരം വളര്‍ത്തിയിരിക്കുന്നത്. കടല്‍ത്തീരം ഇടിയുന്നത് ഫലപ്രദമായി തടയാന്‍ മഞ്ചിനീല്‍ മരത്തിനു സാധിക്കും. തിങ്ങിവളരുന്ന ഇവ കാറ്റിനെ പ്രതിരോധിക്കുന്നതിനും മുന്‍പന്തിയിലാണ്.

നശിച്ചു പോയാല്‍ ഇവയെ വിറകായി പോലും ഉപയോഗിക്കാനാകില്ല. കത്തിക്കുമ്പോള്‍ വരുന്ന പുക കണ്ണിലടിച്ചാല്‍ നീറിപ്പുകയും, കുറച്ചുനേരത്തേക്കു കണ്ണുകാണാന്‍ പോലും സാധിക്കാത്ത അവസ്ഥയും. പുക ശ്വസിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കരീബിയന്‍ ദ്വീപുകളിലെ മരപ്പണിക്കാര്‍ ഈ മരം ഉപയോഗിച്ചും ഫര്‍ണിച്ചറുകളുണ്ടാക്കാറുണ്ടെന്നതാണു സത്യം. വളരെ സൂക്ഷ്മതയോടെ മരം മുറിച്ചെടുക്കുന്നതാണ് ആദ്യപടി. പിന്നീട് സൂര്യപ്രകാശത്തില്‍ വിഷക്കറയുടെ കാഠിന്യം കുറച്ചാണ് ഫര്‍ണിച്ചര്‍ നിര്‍മാണം.

Leave A Reply

Your email address will not be published.

error: Content is protected !!