ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍

0

 

കര്‍ഷക സംഘടനകളെ മുന്നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വേ നല്‍കുക. ഉപഗ്രഹ സര്‍വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്‌നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തും. ആളുകള്‍ക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു

ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ കര്‍ഷക സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കാന്‍ സംസ്ഥാനം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോര്‍ട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല.

കോഴിക്കോട് ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണിലുണ്ട്. പുഴകള്‍, റോഡുകള്‍ തുടങ്ങി സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സര്‍വ്വേയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്. സ്ഥല പരിശോധന നടത്തി പരിസ്ഥിതിലോല മേഖല സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റവന്യൂ തദ്ദേശഭരണ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടങ്കിലും നടപടികള്‍ക്ക് വേഗം പോരെന്നാണ് പരാതി. ജനുവരി ആദ്യം സുപ്രീംകോടതി ബഫര്‍ സോണ്‍ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിന് മുമ്പായി നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!