പ്ലസ് വണ്‍ ഏകജാലക പ്രവേശനം : ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന്

0

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഈ മാസം 28 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. നേരത്തേ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമര്‍പ്പിക്കണം. നവംബര്‍ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 37,545 സീറ്റുകളാണ് മെറിറ്റ്, സ്പോര്‍ട്സ് ക്വോട്ടയില്‍ ഒഴിവുള്ളത്. ഇതിന് പുറമെ സപ്ലിമെന്ററി ഘട്ടത്തിനുശേഷം കമ്യൂണിറ്റി ക്വോട്ടയില്‍ ഒഴിവുള്ള 2500 ഓളം സീറ്റുകള്‍കൂടി മെറിറ്റിലേക്ക് മാറ്റും.

താലൂക്ക് അടിസ്ഥാനത്തില്‍ ഒഴിവുള്ള പ്ലസ് വണ്‍ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ ഇന്നലെ പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.

20 ശതമാനം സീറ്റ് വര്‍ധന നല്‍കിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വര്‍ധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് ബാച്ചില്‍ താല്‍ക്കാലിക ബാച്ച് ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവന്‍ എപ്ലസ് ലഭിച്ചവരില്‍ 5812 പേര്‍ക്ക് മാത്രമാണ് ഇനി അഡ്മിഷന്‍ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവര്‍ക്കും അഡ്മിഷന്‍ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതോടെ മുഴുവന്‍ എപ്ലസുകര്‍ക്കും പ്രവേശനം ലഭിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!