ഇരച്ചു കയറി ഇന്ത്യ; 189 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു

0

ദുബായ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് 14ാം സീസണില്‍ നിര്‍ത്തിയിടത്തു നിന്നു തന്നെ ഇന്ത്യന്‍ ജഴ്‌സിയിലും തുടക്കമിട്ട് കെഎല്‍ രാഹുല്‍ ഇഷാന്‍ കിഷനും നേടിയ അര്‍ധസെഞ്ചുറികളുടെ മികവില്‍, ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. കരുത്തരായ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 188 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു ഓവര്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 46 പന്തില്‍ 7 ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 70 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇഷാന്‍ കിഷന്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ഫീല്‍ഡര്‍മാരുടെ കയ്യയച്ചുള്ള സഹായം കൂടി അകമ്പടി സേവിച്ചതായിരുന്നു ഇഷാന്‍ കിഷന്റെ ഇന്നിങ്‌സെങ്കില്‍, തകര്‍ത്തടിച്ച് സഹ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ നേടിയ അര്‍ധസെഞ്ചുറിക്ക് ഫുള്‍ മാര്‍ക്ക്. 24 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതമാണ് രാഹുല്‍ 51 റണ്‍സെടുത്തത്. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ രാഹുലിനൊപ്പം ഓപ്പണറായി ഇഷാന്‍ കിഷനെ അയച്ചത്. ഈ സഖ്യം ക്ലിക്കായതാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ വെറും 50 പന്തില്‍നിന്ന് രാഹുല്‍ ഇഷാന്‍ കിഷന്‍ സഖ്യം അടിച്ചുകൂട്ടിയത് 82 റണ്‍സ്.

രണ്ടാം വിക്കറ്റില്‍ കിഷന്‍ കോലി സഖ്യം 26 പന്തില്‍ 43 റണ്‍സും മൂന്നാം വിക്കറ്റില്‍ കിഷന്‍ -ഋഷഭ് പന്ത് സഖ്യം 29 പന്തില്‍ 43 റണ്‍സും കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ വിരാട് കോലി 13 പന്തില്‍ 11 റണ്‍സോടെയും സൂര്യകുമാര്‍ യാദവ് ഒന്‍പതു പന്തില്‍ എട്ടു റണ്‍സെടുത്തും നിരാശപ്പെടുത്തിയെങ്കിലും ഋഷഭ് പന്ത് (14 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 29), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം പുറത്താകാതെ 12) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, മാര്‍ക്ക് വുഡ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Leave A Reply

Your email address will not be published.

error: Content is protected !!