അർഹർക്ക് മുൻഗണനാ റേഷൻകാർഡ് നൽകാൻ തീവ്രയജ്ഞം

0

എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നിരന്തര പ്രവർത്തനത്തിലാണ് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ഭക്ഷ്യധാന്യങ്ങൾ അർഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് അത് തിരിച്ചേൽപ്പിക്കുവാൻ അവസരം നൽകിയത്. പിഴയും ശിക്ഷയും ഒഴിവാക്കിയാണ് അവസരം നൽകിയത്. 2022 മാർച്ച് 10 വരെ 14,350 AAY കാർഡുകൾ, 89,068 PHH കാർഡുകൾ 65,873 NPS കാർഡുകൾ ഉൾപ്പെടെ ആകെ 1,69,291 കാർഡുകൾ സ്വമേധയാ സർക്കാരിലേയ്ക്ക് തിരിച്ചേൽപ്പിക്കപ്പെട്ടു.

2022 ഫെബ്രുവരി 12 വരെ 17,230 AAY കർഡുകളും, 1,34,702 PHH കാർഡുകളും ഉൾപ്പെടെ 1,51,932 മുൻഗണനാ കാർഡുകൾ അർഹതപ്പെട്ടവർ നൽകി കഴിഞ്ഞു. അനർഹർ ഒഴിവായ ഒഴിവിലേക്ക് അർഹരെ ഉൾപ്പെടുത്തുന്ന നടപടി പൂർത്തിയായിവരികയാണ്. മുൻഗണനാ കാർഡുകൾ കൈവശം വച്ചുവരുന്നവർക്ക് ചികിത്സാ ചെലവ് പൂർണ്ണമായും സൗജന്യമായതിനാൽ, മാരക രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ, ഓട്ടിസം ബാധിച്ചകുട്ടികൾ മറ്റ് അവശത അനുഭവിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിന് പ്രത്യേക പരിഗണനയാണ് നൽകുന്നത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ പത്ത്മാസത്തിനിടെ 23,29,632 അപേക്ഷകൾ വിവിധ സേവനങ്ങൾക്ക് വേണ്ടി ലഭിച്ചു. റേഷൻ കടകളുമായി ബന്ധപ്പെട്ടവ, റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ, റേഷൻ കാർഡിന്റെ കാറ്റഗറി മാറ്റൽ തുടങ്ങിയവയ്ക്കായുള്ള പരാതികളായിരുന്നു ഭൂരിഭാഗവും. ഇതിൽ 22,87,274 അപേക്ഷകൾ തീർപ്പാക്കി. പുതിയ റേഷൻ കാർഡിനു വേണ്ടി 1,82,490 അപേക്ഷകൾ ലഭിച്ചു ഇവയിൽ 1,71,733 പേർക്ക് പുതിയ കാർഡുകൾ ലഭ്യമാക്കി.

കൂടുതൽ സേവനങ്ങൾ ഓൺലൈനാക്കിയും റേഷൻ കാർഡുകൾ സ്മാർട്ടാക്കിയും കൂടുതൽ ജനകീയമാകുകയാണ് ഭക്ഷ്യ പൊതു വിതരണ വകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!