വയനാട്ടിലെ ഭൂപ്രശ്‌നം ഘട്ടം ഘട്ടമായി പരിഹരിക്കും – റവന്യൂ മന്ത്രി കെ.രാജന്‍

0

വയനാട്ടിലെ വിവിധ ഭൂപ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തുടര്‍ച്ചയായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ സര്‍ക്കാര്‍ മൂന്നാം തവണയാണ് വയനാട്ടിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുന്നത്.

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. റവന്യൂ വകുപ്പിലേക്ക് ഡീ വെസ്റ്റ് ചെയ്യേണ്ട ഭൂമിയാണ് കൂടുതലായി വയനാട്ടിലുള്ളത്. അതിനു വേണ്ടി വിവിധ വകുപ്പുകളുമായി ഉന്നതതല ചര്‍ച്ച നടത്തും. പട്ടയവുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിനായി പട്ടയം ഡാഷ് ബോര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ദൈനംദിനമായ പരിശോധനകളും നടന്നു വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഭൂമി നല്‍കുക പ്രധാനമായി കണ്ട് ചട്ട ഭേദഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. 

യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, എംഎല്‍എ മാരായ ഒ.ആര്‍.കേളു, ടി.സിദ്ധിക്ക്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ബിജു, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി.പുകഴേന്തി, ജില്ലാ കളക്ടര്‍ എ.ഗീത,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്‍, സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍,  എം.ഡി.ഇബ്രാഹിം, കെ.ജെ.ദേവസ്യ, ഷാജി ചെറിയാന്‍, പി.എ.കരീം, എബ്രഹാം, പി.അബ്ദുള്‍ സലാം, എ.പി.കുര്യാക്കോസ്, ബെഞ്ചമിന്‍ ഈശോ, കെ.കെ.ഹംസ, കുര്യാക്കോസ് മുള്ളന്‍മട. കെ.പി.ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!