കടച്ചികുന്ന് ഭൂസംരക്ഷണ സമിതി ഉപരോധസമരം അവസാനിപ്പിച്ചു

0

അവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് എഡിഎമ്മിന്റെ ഉറപ്പ്. കടച്ചികുന്ന് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മൂപ്പൈനാട് വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധസമരം അവസാനിപ്പിച്ചു. പതിറ്റാണ്ടുകളായി കൈവശം വെച്ചുവരുന്ന ഭൂമിയ്ക്ക് രേഖ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേരാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ സമരത്തില്‍ അണിനിരന്നത്.

മൂപ്പൈനാട് പഞ്ചായത്തിലെ 9,11. വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കടച്ചികുന്ന്, പുതിയപാടി, വേടന്‍ കോളനി പ്രദേശങ്ങളിലെ ജനങ്ങളാണ് പകല്‍മുഴുവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. സാധാരണക്കാരും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ 401 കുടുംബങ്ങള്‍ സമരത്തിനെത്തി. ആറ് പതിറ്റാണ്ടായി തങ്ങള്‍ കൈവശംവെച്ചുവരുന്ന ഭൂമിയ്ക്ക് രേഖകള്‍വേണം, നിര്‍ത്തിവെച്ച തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കണം, നികുതിസ്വീകരിക്കണം, വീടുവെയ്ക്കാന്‍ അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്.

ഡെപ്യൂട്ടി കളക്ടര്‍ കെ. അജേഷിന്റ നേതൃത്വത്തില്‍ വൈകിട്ടോടെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കടച്ചിക്കുന്നുകാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ്,മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി.ആര്‍. ഷാജി, ഗ്രാമപ്പഞ്ചായത്ത് പ്രിസിഡന്റ് എ.കെ റഫീഖ്, ആര്‍. ഉണ്ണിക്കൃഷ്ണന്‍, സി.പി. ജോസഫ്, പി.കെ. സാലിം, വി.എന്‍. ശശീന്ദ്രന്‍, കെ. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!