മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കല്‍പ്പറ്റ നഗരസഭ. നഗരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നഗരസഭാ സ്ഥാപിച്ച ക്യാമറയില്‍ ഒരാഴ്ചയ്ക്കിടെ കുടുങ്ങിയത് അഞ്ച്പേര്‍. ഒരാഴ്ച മുന്‍പാണ് നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നഗരസഭ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.എളുപ്പത്തില്‍ കാണാന്‍ കഴിയാത്ത തരത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.രാത്രികാലങ്ങളില്‍ അടുക്കള മാലിന്യം ഉള്‍പ്പെടെ റോഡരികില്‍ കൊണ്ടുവന്നിട്ടവരാണ് ക്യാമറയില്‍ കുടുങ്ങിയത്.ഗുഡ്‌സ് ഓട്ടോയില്‍ കൊണ്ടുവന്ന് മാലിന്യം റോഡരികില്‍ തള്ളിയ ആളാണ് ആദ്യം പിടിയിലായത്.
ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് ആളുകളെ മനസ്സിലാക്കിയശേഷം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് പിഴ ഈടാക്കുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരാനാണ് നഗരസഭയുടെ തീരുമാനം.പതിവായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ ക്യാമറകള്‍ വച്ചിട്ടുള്ളത്. സിസിടിവി ക്യാമറ കൊണ്ട് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കഴിയുന്നുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ 28 ഡിവിഷനുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.