സംസ്ഥാനത്ത് അതിശക്തമായ മഴ; അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി, 4 ഡാമുകളില്‍ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 3.30 നാണ് പ്രത്യേക അവലോകനയോഗം ചേരുക. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയുടെ കീഴിലുള്ള നാലു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, കുണ്ടള, ഷോളയാര്‍, കക്കി ഡാമുകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയത്. 2 ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. പെരിങ്ങല്‍കുത്ത്, മാട്ടുപെട്ടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട്. അതിനിടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 240 cm ഉയര്‍ത്തിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് അത് 80 രാ കൂടി ( മൊത്തം – 320 cm ) ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!