വെള്ളംനിരക്കില്‍ കുടിശിക വരുത്തിയാല്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ ഇനി ഉപയോക്താവിന്റെ വീട്ടുമുറ്റത്തെത്തും. ആദ്യം ഫോണില്‍ വിളിക്കും. കിട്ടിയില്ലെങ്കിലാണു വീട്ടിലെത്തുക. തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും. ജലഅതോറിറ്റി അക്കൗണ്ട്‌സ് മെംബര്‍ വി.രാമസുബ്രഹ്‌മണിയാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണു കടുത്ത നടപടികളിലേക്ക് അതോറിറ്റി കടക്കുന്നത്. മാര്‍ച്ച് വരെയുള്ള 3 മാസം കൊണ്ട് 300 കോടി രൂപ (മാസം 100 കോടി വീതം) പിരിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കുലറിലൂടെ നല്‍കിയിരിക്കുന്നത്. പ്രതിമാസം 177 കോടി രൂപയാണ് ജലഅതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ടാര്‍ഗറ്റ്.
അതില്‍ 100 കോടി രൂപയെങ്കിലും പിരിച്ചെടുക്കണം. ഇതിനായി ഓരോ ഡിവിഷനും ഉടന്‍ കര്‍മപദ്ധതിയുണ്ടാക്കണം. പരമാവധി ജീവനക്കാരെ ഉള്‍പ്പെടുത്തി റവന്യു സ്‌ക്വാഡ് രൂപീകരിക്കാനുള്ള നടപടികളും തുടങ്ങി. ഡിവിഷനുകളുടെ പ്രവര്‍ത്തനം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരും നിരീക്ഷിക്കണം.
ഓരോ ആഴ്ചയിലെയും റവന്യു കലക്ഷന്‍ പുരോഗതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ നേരിട്ടു വിലയിരുത്തണം.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (202021) അവസാന മാസം നടന്ന തീവ്രകുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി 115 കോടി രൂപ പിരിച്ചെടുക്കാന്‍ ജലഅതോറിറ്റിക്കു കഴിഞ്ഞു. ഇത് ഇത്തവണയും തുടരാനാണു തീരുമാനം.
ലക്ഷ്യമിട്ടത് 2132 കോടി കിട്ടിയത് 385 കോടി മാത്രം
202122 സാമ്പത്തിക വര്‍ഷം 2132 കോടി രൂപ പിരിച്ചെടുക്കാനായിരുന്നു ജലഅതോറിറ്റി ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ ആകെ ലഭിച്ചത് 385 കോടി രൂപ മാത്രമാണ്. പ്രതിമാസം, ശരാശരി 43 കോടി. മാസം 100 കോടിയെങ്കിലും റവന്യു വരുമാനം സ്വരൂപിച്ചില്ലെങ്കില്‍ ശമ്പളവും പെന്‍ഷനും മറ്റ് അത്യാവശ്യ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. പല ആനുകൂല്യങ്ങളും 11 മാസമായി നല്‍കുന്നില്ല.