കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി; 2 വയസ് കഴിഞ്ഞവർക്ക് കൊവാക്സിൻ

0

ഡൽഹി: രാജ്യത്ത് 2 വയസിന് മുകളിൽ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ ഡി.സി.ജി.ഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്സിനാണ് കൊവാക്സിൻ. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. കുട്ടികളിൽ കോവാക്​സിൻ സുരക്ഷിതവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്നും എയിംസ് പ്രഫസർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദേശം. പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ 2 ഡോസ് വാക്സിനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദേശം.

Leave A Reply

Your email address will not be published.

error: Content is protected !!