ബയോ ഡൈജസ്റ്റര്‍ പോട്ട് വിതരണം തുടങ്ങി

0

 

ക്ലീന്‍ കല്‍പ്പറ്റ പദ്ധതിയുടെ ഭാഗമായി ബയോ ഡൈജസ്റ്റര്‍ പോട്ട് (ജൈവ സംസ്‌കരണ ഭരണി) നഗരസഭയുടെ നേതൃത്വത്തില്‍ വിതരണം തുടങ്ങി. നേരത്തെ രജിസ്റ്റര്‍ ചെയ്ത ഗ്രാമസഭ അംഗീകരിച്ച 800 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പോട്ട് നഗരസഭ വിതരണം ചെയ്യുന്നത്.വീടുകളിലുണ്ടാവുന്ന അടുക്കള അവശിഷ്ടങ്ങളും,മാലിന്യങ്ങളും ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിച്ച് ജൈവ വളമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.പ്രത്യേകം രൂപകല്‍പന ചെയ്തതും അടുക്കി വെച്ചതുമായ മണ്‍ ഭരണികളിലാണ് അടുക്കള അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത്.

ഓരോ ദിവസവും അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോഴും മുകള്‍ ഭാഗം മൂടിവെക്കാനാവും. അത് കാരണം ദുര്‍ഗന്ധം ഉണ്ടാവുകയില്ലെന്ന പ്രത്യേകതയും സംവിധാനത്തിനുണ്ട്.ബയോ ഡൈജസ്റ്റര്‍ പോട്ട് സ്ഥാപിക്കാന്‍ പ്രത്യേകമായി സ്ഥലം ആവശ്യമില്ലാത്തതിനാല്‍ വീടിന്റെ ഏതുഭാഗത്തും ഉപകരണം സ്ഥാപിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഓരോ ദിവസവും അവശിഷ്ടങ്ങള്‍ സംസ്‌കരണ ഭരണിയില്‍ നിക്ഷേപിക്കുമ്പോഴും ഇനോകുലം തളിച്ച് ജൈവ വളമാക്കാനാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജൈവ വളം വീടുകളിലെ കൃഷിക്കും പച്ചക്കറികള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും വളമായി ഉപയോഗിക്കാനാവും. ഇത്തരം നൂതന സാങ്കേതിക വിദ്യയാണ് ഉറവിട മാലിന്യസംസ്‌കരണത്തിനായി കല്‍പ്പറ്റയില്‍ നഗരസഭ നടപ്പാക്കുന്നത്. വീട്ടിലെ അവശിഷ്ടങ്ങള്‍ വീട്ടില്‍ തന്നെ ജൈവ വളമാക്കി കൃഷിക്ക് ഉപയോഗിക്കാനാവുമെന്നതാണ് മറ്റൊരു നേട്ടം.സമ്പൂര്‍ണ്ണ ശുചിത്വം നടപ്പാക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഉറവിട മാലിന്യ സംസ്‌കരണവും ബോധവല്‍കരണവും തുടങ്ങും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണ യൂണിറ്റുകള്‍ മൂന്നിടങ്ങളില്‍ സജ്ജമായി. നിലവിലുള്ള ഹരിത കര്‍മ്മസേനയുടെ മാലിന്യസംസ്‌കരണത്തോടൊപ്പം ഉറവിടമാലിന്യ സംസ്‌കരണവും പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാവുന്നതോടെ സമ്പൂര്‍ണ്ണശുചിത്വമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായി കല്‍പ്പറ്റക്ക് മാറാനാവും.വെള്ളാരം കുന്നിലെ ഹരിത ബയോപാര്‍ക്കിലുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും(എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം തുമ്പൂര്‍മുഴി മാതൃക മാലിന്യസംസ്‌കരണ യൂണിറ്റുകളും ബയോ ഡൈജസ്റ്റര്‍ പോട്ട് സംവിധാനങ്ങളും വ്യാപകമാവുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നും സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായി കല്‍പ്പറ്റ മാറുമെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!