കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു വീട് ഭാഗീകമായി തകര്‍ന്നു
മാനന്തവാടിയില്‍ നിന്നും കര്‍ണാടക കുട്ടയിലേക്ക് സര്‍വ്വീസ് നടത്തിയ മാനന്തവാടി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ടയര്‍ ഓട്ടത്തിനിടെ ഊരിതെറിച്ചു. ഇന്ന് രാവിലെ കാട്ടിക്കുളത്തിന് സമീപം മജിസ്‌ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
ഊരിതെറിച്ച ടയര്‍ സമീപത്തെ നാല് സെന്റ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. വീടിന്റെ ഓടു പൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തിട്ടുണ്ട്.എ.ടി.ഒ പ്രിയേഷ്,ഡിപ്പോ എഞ്ചിനീയര്‍ സുജീഷ് എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.വീടിന്റെ തകരാര്‍ നന്നാക്കി നല്‍കുമെന്നും ഉറപ്പ് നല്‍കി.
തൊട്ടുമുമ്പത്തെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയതിന് ശേഷം മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടം. വേഗതയില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഊരിത്തെറിച്ച ടയര്‍ അമ്പതോളം മീറ്ററുകള്‍ മാറിയുള്ള വീടിന്റെ മേല്‍ക്കൂരയിലാണ് പതിച്ചത്. ബയറിംഗ് പൊട്ടിയതാണ് അപകട കാരണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.