ഉച്ചവരെ ക്ലാസ്; ആലോചനായോഗത്തില്‍ നിര്‍ദേശം

0

നവംബര്‍ ഒന്നിനു സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിവിധ വകുപ്പുകളും സംഘടനകളുമായി ചര്‍ച്ച നടത്തി വിശദ റിപ്പോര്‍ട്ടും തുടര്‍ന്നു മാര്‍ഗരേഖയും തയാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊതു വിദ്യാഭ്യാസ ഡയറക്ടറും അടങ്ങുന്ന സമിതിയാകും വിശദ പഠനത്തിനു ശേഷം റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖയും തയാറാക്കുക. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
തുടക്കത്തില്‍ ഉച്ചവരെ ക്ലാസ് മതിയെന്നാണു നിര്‍ദേശം. പകുതി വിദ്യാര്‍ഥികള്‍ വീതമുള്ള ഓരോ ബാച്ചിനും ആഴ്ചയില്‍ 3 ദിവസം വീതം ക്ലാസ് നടത്താമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതു നടപ്പാക്കിയാല്‍ അധ്യാപകര്‍ 6 ദിവസം ക്ലാസ് എടുക്കണം. ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മതിയെന്നാണു മറ്റൊരു നിര്‍ദേശം. ഒരു ബാച്ചിനു ക്ലാസ് എടുക്കുമ്പോള്‍ വീട്ടിലിരിക്കുന്ന രണ്ടാമത്തെ ബാച്ചിന് ഓണ്‍ലൈനായി അതു കാണാനുള്ള സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. അവര്‍ക്കു പിന്നീട് നേരിട്ടെത്തി സംശയനിവാരണം നടത്താം. ഇതു നടപ്പാക്കിയാല്‍ ക്ലാസ് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാം. റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചാകും അന്തിമ തീരുമാനമെന്നു മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.

17, 10, 12 ക്ലാസുകളാകും ആദ്യം തുടങ്ങുക. യോഗത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ പ്രത്യേകം പ്രസന്റേഷന്‍ നടത്തി. ഇനി ഇതിന് ഏകീകൃത രൂപം ഉണ്ടാക്കണം. ഗതാഗതം, തദ്ദേശഭരണം, മരാമത്ത് തുടങ്ങിയ വകുപ്പുകളുമായി ചര്‍ച്ച നടത്തിയാകും മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുക. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, രാഷ്ട്രീയ, അധ്യാപക, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുമായും ചര്‍ച്ചയുണ്ടാകും. രക്ഷിതാക്കള്‍ക്ക് ആശങ്കയില്ലാത്ത വിധത്തിലാകും ക്രമീകരണമെന്നു മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വീണാ ജോര്‍ജും അറിയിച്ചു. സമൂഹത്തില്‍ കുട്ടികള്‍ അടക്കം രോഗപ്രതിരോധ ശേഷി കൈവരിച്ചവരെത്രയെന്ന് കണ്ടെത്താനുള്ള സിറോ പ്രിവലന്‍സ് സര്‍വേ റിപ്പോര്‍ട്ടും പരിഗണിക്കും.

മുന്‍കരുതലിന് ബയോബബിള്‍

ബയോബബിള്‍ ആശയത്തെ അടിസ്ഥാനമാക്കിയാകും മാര്‍ഗരേഖയെന്നു യോഗത്തിനു ശേഷം മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചുറ്റുപാടുകളില്‍നിന്നു കോവിഡ് പകരാതിരിക്കാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതാണു ബയോബബിള്‍ സംവിധാനം. സമ്പര്‍ക്കസാധ്യത പരമാവധി കുറയ്ക്കും.

Leave A Reply

Your email address will not be published.

error: Content is protected !!