പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് കെഎസ്ആര്‍ടിസി തുടങ്ങാന്‍ തീരുമാനിച്ചത്.
കെ എസ് ആര്‍ ടി സി യുടെ , നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ ആരംഭിക്കുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇതിലൂടെ കെ എസ് ആര്‍ ടി സി പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്പുകള്‍ അടുത്ത നൂറു ദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക.
മൂവാറ്റുപുഴ, അങ്കമാലി , കണ്ണൂര്‍ , കോഴിക്കോട് , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും. കെ എസ് ആര്‍ ടി സിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും , മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമാണ് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും ഡീസല്‍ നല്‍കുന്നത്. ഇവയോട് പെട്രോള്‍ യൂണിറ്റും ചേര്‍ത്ത് ഓരോ ഡിപ്പോയുടേയും മുന്‍വശത്ത് ആധുനിക ഓണ്‍ലൈന്‍ ഫ്യുവല്‍ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെല്‍ ഔട്ട്‌ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് പകല്‍ സമയവും, കെഎസ്ആര്‍ടിസിക്ക് കണ്‍സ്യൂമര്‍ പമ്പില്‍ നിന്നും രാത്രിയും ഡീസല്‍ നിറക്കുന്നതിനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പ്രവര്‍ത്തിക്കുന്ന 72 ഡീസല്‍ പമ്പുകളില്‍ 66 എണ്ണവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിട്ടുള്ള 66 ഡീസല്‍ പമ്പുകള്‍ക്ക് പുറമെ ആലുവയിലെ റീജണല്‍ വര്‍ക്ക്‌ഷോപ്പും പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും കൂടി ചേര്‍ത്താണ് 67 സ്ഥലങ്ങളില്‍ പമ്പുകള്‍ സ്ഥാപിക്കുക. പമ്പയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വനം വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റേയും അനുമതിക്കനുസരിച്ചാകും പമ്പ് സ്ഥാപിക്കുക.
ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പുതിയ പമ്പുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. ഇതിനായി ശരാശരി 30 മുതല്‍ 40 സെന്റ് സ്ഥലം വരെ കെഎസ്ആര്‍ടിസി ദീര്‍ഘകാലപാട്ടത്തിനായി ഐഒസിക്ക് നല്‍കും. കൂടാതെ അഞ്ച് കിലോ?ഗ്രാമിന്റെ സിലിണ്ടര്‍ , ടോയിലറ്റ്, കഫ്‌റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആര്‍ടിസിയും ഐഒസിയും പങ്കിട്ടെടുക്കും. 67 പമ്പില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഡീലര്‍ കമ്മീഷനു പുറമെ സര്‍ക്കാര്‍ സ്ഥലത്തിലുള്ള കെഎസ്ആര്‍ടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുള്‍പ്പെടെ എല്ലാ ചിലവകളും കഴിഞ്ഞ് ഒരു വര്‍ഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തില്‍ ചേര്‍ത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാര്‍, കണ്ണൂര്‍, കോഴിക്കോട്, ചാത്തന്നൂര്‍, ചാലക്കുടി, ഗുരുവായൂര്‍, തൃശ്ശൂര്‍, ആറ്റിങ്ങല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകള്‍ കൂടി ചേര്‍ത്താണ് ആദ്യ ഘട്ടത്തില്‍ പദ്ധതി ആരംഭിക്കുക. അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകള്‍ മറ്റു സ്ഥലങ്ങളില്‍ തുറക്കുന്നത്. അതിനുള്ള മുഴുവന്‍ ചിലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രക്കാര്‍ക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്‌റ്റേരിയ സൗകര്യവും ഒരുക്കും.