പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ വെക്കും. കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നു.
ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഇതോടെ നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി ഉടന്‍ സര്‍ക്കുലറും പുറത്തിറക്കും.പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുക.
ബുധനാഴ്ച രാവിലെയോടെയാണ് പിഎഫ്ഐ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസെഷന്‍, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം സംഘടന അംഗീകരിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’, അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.