അവയവദാനം എന്ത്? എങ്ങനെ?

0

അവയവദാനത്തിനു തയാറായി മുന്നോട്ടു വരുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നുള്ളത് ആശാവഹം തന്നെ. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അജ്ഞത പലരേയും പിന്നോട്ടു വലിക്കുന്നുമുണ്ട്. നമ്മുടെ ശരീരരത്തില്‍ മറ്റു എട്ടു പേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമായ പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 30ലേറെ മറ്റു ഭാഗങ്ങളും.

മസ്തിഷ്‌ക മരണമുറപ്പായ രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയാറാണെങ്കില്‍ ആ വിവരം ആദ്യം ഡോക്ടറെ അറിയിക്കുക. ഡോക്ടര്‍ ആ വിവരം കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (കെ.എന്‍.ഒ.എസ്) ന് കൈമാറും. റജിസ്റ്റര്‍ ചെയ്ത രോഗികളില്‍നിന്ന് മുന്‍ഗണനാക്രമത്തിലാണ് അവയവം സ്വീകരിക്കാനുള്ള രോഗിയെ തിരഞ്ഞെടുക്കുക. രോഗി റജിസ്റ്റര്‍ ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും.മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ച പരിശോധിക്കും. കൂടാതെ അവയവ ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ്മാച്ച് ടെസ്റ്റുമുണ്ട്. 25 ശതമാനത്തിലധികം വ്യത്യാസമുണ്ടായാല്‍ അവയവമാറ്റം സാധ്യമല്ല. അവയവങ്ങള്‍ തമ്മില്‍ മാച്ചായാല്‍ ദാതാവില്‍ നിന്നു അവയവങ്ങള്‍ വേര്‍പെടുത്തി സ്വീകര്‍ത്താവില്‍ വച്ചുപിടിപ്പിക്കാനാകും.

കേരളത്തില്‍ സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവിനി പദ്ധതി പ്രകാരമാണ് മരണാനന്തര അവയവദാനം നടക്കുന്നത്. കേരളത്തിലെ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഏകോപിപ്പിക്കുന്നത് മൃതസഞ്ജീവിനിയിലൂടെയാണ്.ഹൃദയം മാറ്റിവയ്ക്കലാണ് നടക്കുന്നതെങ്കില്‍ ദാതാവില്‍ നിന്നും അവയവം വേര്‍പെടുത്തി കഴിഞ്ഞാല്‍ നാലു മുതല്‍ ആറു മണിക്കൂറിനകം നിര്‍ദിഷ്ട രോഗിയില്‍ വച്ചുപിടിപ്പിച്ചിരിക്കണം. കരളും ശ്വാസകോശവും ഇത്തരത്തില്‍തന്നെയാണ് വച്ചുപിടിപ്പിക്കേണ്ടത്. വൃക്കകള്‍ 12 മണിക്കൂറിനുള്ളിലും. ദാതാവില്‍ നിന്നെടുക്കുന്ന അവയവം ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ പൊട്ടാഷ്യവും ഇലക്ട്രോലെറ്റുമടങ്ങുന്ന ലായനിയിലാക്കി അണുവിമുക്ത ബാഗില്‍ നിറയ്ക്കുന്നു. ആ ബാഗ് ഐസ് ക്യൂബ് നിറച്ച അണുവിമുക്തമായ രണ്ടു ബാഗിലാക്കി ഐസ് പെട്ടിയിലാക്കിയാണ് കൊണ്ടുപോകേണ്ടത്. അവയവങ്ങളുടെ മെറ്റബോളിസം കുറയ്ക്കാനാണിങ്ങനെ ചെയ്യുന്നത്. മറിച്ചാണെങ്കില്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കേണ്ടിവരും.ആശുപത്രിയിലെത്തിക്കുന്ന അവയവം കഴുകി വാം ചെയ്യുന്നു. ശേഷം രോഗിയില്‍ വച്ചുപിടിപ്പിക്കും. ദാതാവിന്റെ അവയവം സ്വീകരിക്കുന്ന ശരീരം പുറന്തള്ളാനുള്ള സാധ്യതയുമുണ്ട്. അതൊഴിവാക്കാന്‍ സ്വീകര്‍ത്താവിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു. ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഒഴിവാക്കാനും മറ്റുമുള്ള മരുന്നുകളും രോഗി കഴിക്കേണ്ടിവരും.

Leave A Reply

Your email address will not be published.

error: Content is protected !!