മഴക്കാലത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന മഴയളവറിയാന്‍ സാധിക്കും. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ അതത് സ്ഥാപന പരിധികളില്‍ ലഭിക്കുന്ന മഴയുടെ അളവ്, അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ സംസാരിച്ചു.
വെള്ളപൊക്കം പ്രതിരോധിക്കാന്‍ കൈത്തോടുകള്‍, തോടുകള്‍, പുഴകള്‍ എന്നിവയിലെ ചെളിയും മണ്ണും നീക്കം ചെയ്യണം. മണ്‍സൂണില്‍ ലഭിക്കുന്ന ശുദ്ധജലം നേരിട്ട് സംഭരിക്കാൻ തയ്യാറാക്കിയ മഴ വെള്ള സംഭരണികള്‍ കാര്യക്ഷമമാക്കണം. തത്സമയ ജല സംരക്ഷണത്തിനായി മഴക്കുഴികള്‍, തടങ്ങള്‍ എന്നിവ ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
30 ശതമാനം ചെരിവുള്ള പ്രദേശങ്ങളില്‍ മഴക്കുഴി, മണ്‍ത്തട പ്രവൃത്തികള്‍ എന്നിവ ചെയ്യേണ്ടതില്ല. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധികളിലെ താത്ക്കാലിക ഷെല്‍ട്ടറുകള്‍ ക്രമീകരിക്കണം. വളര്‍ത്തു മൃഗങ്ങളെ താമസിപ്പിക്കാനുള്ള സ്ഥല സൗകര്യങ്ങളും പരിഗണിക്കണമെന്ന് ആസൂത്രണ സമിതി യോഗത്തില്‍ നിർദേശമുയർന്നു.