സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സ്‌പ്രെഡ് തടയുന്നതിനായി കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടായേക്കും.
വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും പരിഗണനയില്‍
വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് കുറച്ചേക്കും. വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യൂവും സജീവ പരിഗണനയിലുണ്ട്. കോളേജുകള്‍ അടച്ചിട്ടേക്കും. സിനിമാ തിയേറ്ററുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവ അടയ്ക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നാണ് വ്യക്തമാകുന്നത്.
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുന്നു
വരാനിരിക്കുന്നത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതു മാത്രമല്ല, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഇപ്പോള്‍ തന്നെ കോഴിക്കോട് അടക്കം മെഡിക്കല്‍ കോളജ് ആശുപത്രി രോഗികളാല്‍ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രോ?ഗികള്‍ നിറയുന്നു
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയേക്കാള്‍ 192 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതിലും ഇരട്ടിയാണിത്. ഒമൈക്രോണ്‍ സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രോ?ഗികള്‍ ആശുപത്രികളിലെത്തുമെന്നാണ് വിലയിരുത്തല്‍.
സി കാറ്റഗറി അതായത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. താഴേത്തട്ടിലുള്ള ആശുപത്രികളിലെ കോവിഡ് ചികിത്സയും, മുമ്പ് ഉണ്ടായിരുന്നതുപോലെ സിഎഫ്എല്‍ടിസികളും വ്യാപകമാകമാക്കിയില്ലെങ്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.