താരത്തിളക്കത്തില്‍ പ്രവേശനോത്സവം; സംസ്ഥാനത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍

0

കോവിഡ് കാലത്ത് ഒരു അധ്യയന വര്‍ഷം കൂടി വന്നിരിക്കുകയാണ്. ഇത്തവണയും വീടുകള്‍ തന്നെയാണ് കുട്ടികള്‍ക്ക് ക്ലാസ് മുറി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഓണ്‍ലൈന്‍ വഴി തന്നെയാണ് ഇത്തവണയും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായുള്ള പ്രവേശനോത്സവും ഇത്തവണ ഓണ്‍ലൈന്‍ വഴി തന്നെയാണ്.

ജൂണ്‍ ഒന്ന് ചൊവ്വാഴ്ചയാണ് ‘ഫസ്റ്റ്‌ബെല്‍ 2.0’ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ രാവിലെ എട്ട് മുതല്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന പ്രവേശനോത്സവ പരിപാടികള്‍ സംപ്രേഷണം ചെയ്യും. അംഗനവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ക്ലാസുകള്‍ രാവിലെ പത്തരയ്ക്കാണ് ആരംഭിക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മഞ്ജുവാരിയര്‍ തുടങ്ങിയ സിനിമാതാരങ്ങള്‍ കൈറ്റ് വിക്ടേഴ്സിലൂടെ കുട്ടികള്‍ക്ക് ആശംസകളര്‍പ്പിക്കും.

യു.എന്‍. ദുരന്തനിവാരണ വിഭാഗത്തലവന്‍ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യല്‍ പോളിസി അഡൈ്വസര്‍ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവര്‍ രാവിലെ പതിനൊന്ന് മണി മുതല്‍ കുട്ടികളുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ മൂന്നുവരെ ചൈല്‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലൂടെ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ നാല് വരെ ട്രയല്‍ സംപ്രേഷണമാകും നടക്കുക. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഏഴിനാണ് ആരംഭിക്കുന്നത്. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ക്ക് ഉറപ്പാക്കാനായി ആദ്യ രണ്ടാഴ്ച ട്രയല്‍ ക്ലാസുകള്‍ ആകും നടക്കുക. മുഴുവന്‍ ക്ലാസുകളും ളശൃേെയലഹഹ.സശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടലില്‍ വഴി ലഭ്യമാക്കും. ക്ലാസുകളുടെ സമയക്രമവും ഇതില്‍ തന്നെയുണ്ടാകും.

ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുറമെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരിട്ട് സംവധിക്കാന്‍ അവസരം നല്‍കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനുള്ള പ്രവര്‍ത്തനും ആരംഭിച്ചിട്ടുണ്ടെന്നാണ് കൈറ്റ് സിഇഒ അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്. ജൂലൈ മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!