സിറോ സര്‍വേ കുട്ടികള്‍ക്കും

0

കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ കോവിഡ് വ്യാപനത്തോത് അറിയാന്‍ ആരോഗ്യ വകുപ്പ് സിറോ പ്രിവലന്‍സ് സര്‍വേ നടത്തും. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപ്തി അറിയാന്‍ 14 ജില്ലകളില്‍ അടുത്ത മാസം നടത്തുന്ന സര്‍വേക്കൊപ്പമാണ് 18 വയസ്സിന് താഴെയുള്ളവരെയും ഉള്‍പ്പെടുത്തുക.

നേരത്തേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ സിറോ സര്‍വേകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിരുന്നില്ല.കുട്ടികളില്‍ കോവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇവര്‍ വൈറസ് വാഹകരാകാം. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചു മരിച്ച 14,413 പേരില്‍ 17 വയസ്സിനു താഴെയുള്ളവര്‍ 23 പേര്‍ മാത്രമാണ്.

മൂന്നാം തരംഗം കുട്ടികളെയാണു കൂടുതല്‍ ബാധിക്കുക എന്ന വിദഗ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണു നിലവില്‍ എത്ര മാത്രം കുട്ടികള്‍ക്കു കോവിഡ് ബാധയുണ്ടായി എന്നു പരിശോധിക്കുന്നത്. മുംബൈയില്‍ നടത്തിയ സിറോ സര്‍വേയില്‍ 51% കുട്ടികളില്‍ കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 5 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 55.7% പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.കേരളത്തില്‍ ഇതുവരെ എത്ര കുട്ടികള്‍ക്കു കോവിഡ് ബാധിച്ചുവെന്ന കണക്കുകള്‍ ആരോഗ്യ വകുപ്പ് പുറത്തു വിട്ടിട്ടില്ല. ജില്ലകളില്‍ നിന്നു ലഭിക്കുന്ന സൂചനയനുസരിച്ചു കോവിഡ് ബാധിതരില്‍ ശരാശരി 15% പേര്‍ 18 വയസ്സിനു താഴെയുള്ളവരാണ്. അങ്ങനെയെങ്കില്‍ 4.5 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതുവരെ കോവിഡ് വന്നു പോയിട്ടുണ്ടാകാമെന്നാണ് അനുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!