ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 27 വയസ്

0

മലയാള സാഹിത്യത്തില്‍ പകരംവെക്കാനാകാത്ത ഒരു സുല്‍ത്താനെയുള്ളു.ഭാഷയുടെയും വ്യാകരണത്തിന്റെനും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് അടുപ്പിച്ചു.ഹാസ്യാത്മകമായ രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും,കരയിപ്പിക്കുകയും ചെയ്തു.അതായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയുടെ ശക്തിയും…..ഒരിക്കലും മരണമില്ലാത്ത ആ ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 27 വയസ്

അലക്കിത്തേച്ച വടിവൊത്ത ഭാഷയില്‍ ഒരിക്കലും ബഷീര്‍ എഴുതിയിട്ടില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാന്‍ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു.ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകള്‍, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വര്‍ഗം എന്നിങ്ങനെ മലയാളി എന്നും ഓര്‍ത്തുവയ്ക്കുന്ന രചനകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു. ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍, താന്‍ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്‌കരിച്ചു.അതിദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. എങ്കിലും ഒരു ജീവിതമോ അതിനും അപ്പുറം എന്തെല്ലാമോ അതില്‍ അടങ്ങിയിരിക്കുന്നതായി ഓരോ വായനക്കാരനും തോന്നും. അത്രത്തോളം തീവ്രമാണ് ബാല്യകാലസഖി.
പ്രധാന ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ബഷീറിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീലവെളിച്ചം ( ഭാര്‍ഗവീ നിലയം) എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പത്തുവര്‍ഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ചുറ്റിനടന്നു. ഹിമാലയ സാനുക്കളിലും ഗംഗാതീരത്തും ഹിന്ദു സന്യാസിയിയായും സൂഫിയായും കഴിച്ചുകൂട്ടി.കേന്ദ്രസാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി. പ്രേംനസീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. 1994 ജൂലായ് 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ബഷീര്‍ വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രചനകളെല്ലാം പുറത്തിറങ്ങിയ അതേ പുതുമയോടെതന്നെ ഇന്നും വായിക്കപ്പെടുന്നു. കാരണം അവ ഓരോന്നും ഓരോ പാഠപുസ്തകങ്ങളാണ്.ജീവിതം എന്തെന്ന് കാട്ടിത്തരുന്ന മഹത്തായ പാഠപുസ്തകങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!