സെര്‍ച്ച് വാറന്റ് അനുവദിക്കണം ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

മുട്ടില്‍ മരംമുറിയില്‍ മുറിച്ചിട്ട ഈട്ടിത്തടികള്‍ വീണ്ടെടുക്കാന്‍ സെര്‍ച്ച് വാറന്റ് അനുവദിക്കണമെന്ന വനം വകുപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതികളുടെ വീട്ടുവളപ്പില്‍ സൂക്ഷിച്ച ഈട്ടിതടികള്‍ പിടിച്ചെടുക്കാനാണ് വനം വകുപ്പ് കോടതിയെ സമീപിച്ചത്.കൃത്യമായ കാരണമില്ലാതെ വനം വകുപ്പിന്റെ ഹര്‍ജി തള്ളിയ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമിയില്‍നിന്ന് മുറിച്ച ഈട്ടിത്തടികള്‍ വീണ്ടെടുക്കാന്‍ സെര്‍ച്ച് വാറന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചിലാണ് വനം വകുപ്പ് കോടതിയെ സമീപിച്ചത്. മേപ്പാടി റെയ്ഞ്ച് ഓഫീസറാണ് ഇതിനായി സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ കൈവശമുള്ള തോട്ടത്തില്‍ അഞ്ച് ഈട്ടിത്തടികള്‍ മുറിച്ചിട്ടിട്ടുണ്ടെന്നും തോട്ടത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കുന്നതിനാല്‍ സെര്‍ച്ച് വാറന്റ് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു കാണിച്ച് ബത്തേരി ജെ.എഫ്.എം. കോടതി അപേക്ഷ തള്ളി. ബത്തേരി കോടതിയുടെ നടപടി നിയമങ്ങള്‍ വേണ്ടവിധം പരിഗണിക്കാതെയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. സി.ആര്‍.പി.സി. സെക്ഷന്‍ 93 അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് സെര്‍ച്ച് വാറന്റ് അനുവദിക്കാതിരിക്കാന്‍ വ്യക്തമായ കാരണം വേണം. എന്നാല്‍, ഇത്തരത്തില്‍ ഒരു കാരണവും ബത്തേരി കോടതിയുടെ ഉത്തരവിലില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹൈക്കോടതി ഇടപെടലിലൂടെ ബാക്കി ഈട്ടിത്തടികള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. വനംവകുപ്പിന്റെ ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!