ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: നിയമസഭയില്‍ പ്രമേയം ഇന്ന്

0

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതാകും പ്രമേയം. അഡ്മിനിസ്‌ട്രേറ്ററെ മാറ്റണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ചട്ടം 118 പ്രകാരം അവതരണാനുമതി നല്‍കിയിട്ടുള്ള പ്രമേയത്തിലൂടെ കേരളം ആവശ്യപ്പെടും.

ജീവനക്കാരുടെ എണ്ണം കുറവായിതനാല്‍ ജൂണ്‍ 7 വരെ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ പ്രമേയാവതരണം തന്നെയാകും നിയമസഭയുടെ ആദ്യ നടപടി. പ്രമേയം പാസാക്കിയ ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച. മുന്‍ മന്ത്രിയും സിപിഎം വിപ്പുമായ കെ.കെ.ശൈലജയാണു നന്ദിപ്രമേയം അവതരിപ്പിക്കുക. തുടര്‍ന്നു വിവിധ കക്ഷിനേതാക്കള്‍ സംസാരിക്കും. 3 ദിവസത്തേക്കാണു പ്രമേയത്തിന്മേലുള്ള ചര്‍ച്ച.

നാളെ മുതല്‍ ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും ഉണ്ടാകും. ദേവികുളം എംഎല്‍എ എ.രാജയുടെ സത്യപ്രതിജ്ഞയില്‍ പിഴവുണ്ടെന്ന പരാതി സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചുവരികയാണ്. തമിഴില്‍ നടത്തിയ സത്യപ്രതിജ്ഞയില്‍ ദൈവനാമമെന്നോ സഗൗരവമെന്നോ ഉള്‍പ്പെടാത്തതാണു പിഴവ്. ഇക്കാര്യത്തില്‍ നിയമവകുപ്പ് അറിയിക്കുന്നതനുസരിച്ചാകും നടപടി. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. നാലിനാണ് ബജറ്റ്.

Leave A Reply

Your email address will not be published.

error: Content is protected !!