കോവിഡ് മരണം: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികള്‍; മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായത് 980 കുട്ടികള്‍ക്ക്

0

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളുമുണ്ട്. സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറി. ഈ പട്ടിക സുപ്രീംകോടതിയിലും പട്ടിക സമര്‍പ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ സുരക്ഷ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിനു പുറമേ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും വിവരങ്ങള്‍ കൈമാറി. കുട്ടികളുടെ വിശദമായ വ്യക്തിഗത വിവരങ്ങള്‍ പിന്നീടു സമര്‍പ്പിക്കും.

അനാഥരായ കുട്ടികള്‍ രണ്ടു തരത്തിലാണ്. ഒന്ന്, അച്ഛനും അമ്മയും കോവിഡ് ബാധിച്ചു മരിച്ചവര്‍. രണ്ട്, മാതാപിതാക്കളില്‍ ഒരാളെ നേരത്തേ നഷ്ടപ്പെട്ടു; രണ്ടാമത്തെയാള്‍ കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാര്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്.

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണത്തിന് 3 ലക്ഷം രൂപ വീതം അവരുടെ പേരില്‍ നിക്ഷേപിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സാകുന്നതു വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസവും കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ വിവരങ്ങള്‍ നല്‍കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം മാതാപിതാക്കളെയോ അല്ലെങ്കില്‍ അവരില്‍ ഒരാളെയോ നഷ്ടപ്പെട്ട കുട്ടികളുടെ വിവരം ബാലസ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം

ഏപ്രില്‍ ഒന്നു മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടമായതായി കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം കുട്ടികളുടെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍.

സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാലസ്വരാജ് പോര്‍ട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇതിന്റെ ഉപയോഗം വിപുലീകരിച്ചതായി കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ ‘കോവിഡ് കെയര്‍’ എന്ന ലിങ്കിലൂടെ നല്‍കാനാവും. ജില്ലാ ബാലാവകാശ കമ്മിഷന്‍ അധികൃതര്‍ക്കും സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുമാണ് ഇതിനുള്ള ചുമതല. ഇതിനായി ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥര്‍ക്ക് ലോഗിന്‍ ഐ.ഡി.യും നല്‍കിയിട്ടുണ്ട്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു . കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും. അഞ്ചു വര്‍ഷത്തേക്കാണ് പ്രതിമാസ സ്‌റ്റൈപന്‍ഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.

കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് കേരള സര്‍ക്കാരും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 18 വയസ് വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!