ചക്ക പറിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ കാല്‍ മരത്തില്‍ കുടുങ്ങി.

0

മേപ്പാടി മുണ്ടക്കൈയില്‍ വനമേഖലയോടു ചേര്‍ന്ന തോട്ടത്തിലാണ് സംഭവം.പ്ലാവിന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലാണ് കാല്‍ കുടുങ്ങിയത്. മുന്‍ഭാഗത്തെ വലതുകാലാണ് കുടുങ്ങിയത്.കാല്‍ പിന്നോട്ട് എടുക്കാനാവാത്തതിനെത്തുടര്‍ന്ന് ആന മണിക്കൂറുകളോളം മരച്ചുവട്ടില്‍തന്നെയായി. വിവരമറിഞ്ഞെത്തിയ വനം വകുപ്പധികൃതര്‍ മരത്തിന്റെ ഒരു ഭാഗത്തെ കൊമ്പ് സാഹസികമായി മുറിച്ചുമാറ്റിയാണ് ആനയെ രക്ഷിച്ചത്. ആനയുടെ ശ്രദ്ധ തിരിച്ചാണ് മരക്കൊമ്പ് മുറിച്ചു മാറ്റിയത്. വളരെ സാഹസികമായിരുന്നു രക്ഷാപ്രവര്‍ത്തനമെന്നും ആന തുമ്പിക്കൈ കൊണ്ട് അടിക്കാന്‍ ശ്രമിച്ച സാഹചര്യമുണ്ടായെന്നും അധികൃതര്‍ പറഞ്ഞു. വൈകുന്നേരത്തോടെയാണ് ആനയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരിക്കും ആനയുടെ കാല്‍ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിയതെന്നാണ് വനം വകുപ്പധികൃതരുടെ പ്രാഥമിക നിഗമനം. സൗത്ത് വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്ത് കുമാര്‍, വയനാട് വന്യജീവി സങ്കേതംവൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു, മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം.കെ. സമീര്‍, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയ എന്നിവരുടെനേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പരിക്കുകളില്ലാത്തതിനാല്‍ ആനയെ വനത്തിലേക്കുതന്നെ വിട്ടു.വെള്ളിയാഴ്ച രാവിലെ പത്തുമല ഏലമല സ്വദേശിയായ ലീലാ ബാലനെ കാട്ടാന ആക്രമിച്ചിരുന്നു. മരത്തില്‍ കാല്‍ കുടുങ്ങിയ ആനയ്‌ക്കൊപ്പമുള്ള ആനയാണ് ലീലയെ ആക്രമിച്ചതെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!