കെ.എസ്.ആര്‍.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യാന്‍ നിര്‍ദേശം

0

കെ.എസ്.ആര്‍.ടി.സിയിലെ അധിക ജീവനക്കാരെ ലേ ഓഫ് ചെയ്യണമെന്ന് സി. എം.ഡിയുടെ നിര്‍ദ്ദേശം. അല്ലെങ്കില്‍ പകുതി ശമ്പളം കൊടുത്ത് ദീര്‍ഘകാല അവധി നല്‍കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നിര്‍ദ്ദേശമെന്നാണ് മാനേജ്മെന്റ് വിശദീകരണം.ചെലവ് കുറയ്ക്കാതെ കെ.എസ്.ആര്‍.ടി.സിക്ക് ഇനി മുന്നോട്ടു പോകാനാകില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. വളരെയധികം ജീവനക്കാര്‍ അധികമായി നില്‍ക്കുന്നതിനാലും, പ്രതിസന്ധി കാരണവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ കാര്യമായി ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ അധികമുള്ള ജീവിനക്കാരെ ലേ ഓഫ് ചെയ്യണമെന്നാണ് സി.എം.ഡിയുടെ നിര്‍ദ്ദേശം.അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ പകുതി ശമ്പളം കൊടുത്തു ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള ദീര്‍ഘകാല അവധി നല്‍കും.രണ്ടു നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നില്‍ വയ്ക്കും. നയപരമായ വിഷയമതിനാല്‍ സര്‍ക്കാര്‍ തലത്തിലാകും അന്തിമതീരുമാനമെടുക്കുക. ശമ്പള നല്‍കാന്‍ ഉള്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് പ്രതിമാസം സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കുന്നതെന്നും,4800 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നതെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ മാസം 13 മുതല്‍ പുനരാരംഭിക്കും. വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തി അടിയന്തിരമായി തീരുമാനമെടുക്കാനാണ് ശ്രമം.തുടര്‍ചര്‍ച്ചകള്‍ 20 നു മുന്‍പ് പൂര്‍ത്തിയാക്കും.ശമ്പള പരിഷ്‌കരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചു പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്നു പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

Leave A Reply

Your email address will not be published.

error: Content is protected !!