ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച്ച മൂലമാണെന്ന് ബിജെപി കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിത വന മേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ഒരു കിലോമീറ്റര്‍ ദൂര പരിധി നിശ്ചയിച്ച് നല്‍കിയ റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വിധിക്ക് അടിസ്ഥാനം. സംസ്ഥാന സര്‍ക്കാറിന്റെ പരാജയം മറച്ച് വെക്കാനാണ് സിപിഎം നേതൃത്വം സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്. നാളത്തെ വയനാട് ഹര്‍ത്താല്‍ പ്രഹസനം മാത്രമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.പി. മധു, ജില്ല ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ നിയമപരമായി സമീപിച്ച് ജന താല്‍പ്പര്യം സംരക്ഷിക്കണം. 2004 ലെ പൊതു താല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ബഫര്‍സോണ്‍ വിഷയം പരിഗണിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്. കോടതിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും മാനിക്കാതെ. കേരളം മാറി മാറി ഭരിച്ച മുന്നണികള്‍ വരുത്തിയ വീഴ്ച്ചകളാണ് വിധിക്ക് ആധാരം. വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ബഫര്‍ സോണിന്റെ ദൂരപരിധിയും നിയന്ത്രണങ്ങളും തീരുമാനിക്കേണ്ടത്. അത് വയനാട്ടില്‍ പാലിക്കപ്പെട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍, ഗ്രമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍. എംഎല്‍എ, എംപി, ത്രിതല പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, കാര്‍ഷിക, വ്യാപാരി, രാഷ്ട്രീയ പ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട വിഷയമായിരുന്നു ഇത്. എന്നാല്‍ ഇതൊന്നുമില്ലാതെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാറിന്റെ വീഴ്ച്ച മറച്ചു വെക്കാനുള്ള സര്‍വ്വ കക്ഷി സമര പരിപാടികളില്‍ ബിജെപി പങ്കെടുക്കില്ല. എന്നാല്‍ ഇതിനെതിരെ ഇന്ന് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സൂചനാ സത്യാഗ്രഹ സമരം നടത്തും. കല്‍പ്പറ്റയില്‍ സായാഹ്ന ധര്‍ണ്ണയും ഉണ്ടാകും. ബത്തേരിയില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് പരിപാടി. 16 ന് ശേഷം പഞ്ചായത്ത് തലത്തില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനുകളും നടക്കും. വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ മൗനം ബിജെപി ചോദ്യം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.