കേരളം നാളെ പോളിങ് ബൂത്തിലേക്ക്
ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവില്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്.സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം മാത്രം.140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ രാവിലെ ഏഴിന് ആരംഭിക്കും.40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് മണിവരെ മാത്രമാകും വോട്ടെടുപ്പ്.131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴ് വരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് വരെയുമാണ് വോട്ടെടുപ്പ്.
957 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സര രംഗത്തുള്ളത്.മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരാണ്.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോവിഡ് രോഗികള്‍ക്കും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.
സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്.