എകെജി ഓര്‍മയായിട്ട് ഇന്ന് 44 വര്‍ഷം

0

സംസ്ഥാനത്ത് പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെയാണ്  ആയില്യത്ത് കുറ്റിയാരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എകെജിയുടെ ഓര്‍മദിനം വരുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ പ്രതിപക്ഷത്തെ നയിച്ച ആദ്യ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എകെജി ഓര്‍മയായിട്ട് ഇന്ന് 44 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

 

1977 മാര്‍ച്ച് 22നായിരുന്നു എകെജി മരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എക്കാലവും അഭിമാനിക്കാവുന്ന നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത ഒരേടാണ് എകെജി. 1904 ഒക്ടോബര്‍ ഒന്നിന് കണ്ണൂരിലെ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത് കുറ്റിയാരി എന്ന ജന്മി തറവാട്ടില്‍ വെള്ളുവക്കണ്ണോത്ത് രൈരുനായരുടേയും, ആയില്യത്ത് കുറ്റിയാരി മാധവിയമ്മയുടേയും മകനായി ജനിച്ചു. പൊതുപ്രവര്‍ത്തകനായ പിതാവിന്റെ പാതയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം അധ്യാപകനായിട്ടായിരുന്നു. മഹാത്മാ ഗാന്ധിയില്‍ നിന്ന് പ്രചോദിതനായി അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. ജോലി രാജിവെച്ച് 1930ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത അദ്ദേഹം ജയിലിലാകുകയും ചെയ്തു.

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദുക്ഷേത്രങ്ങളിലും ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് അക്കാലത്ത് കോണ്‍ഗ്രസ് നിലപാടെടുത്തിരുന്നു. സത്യഗ്രഹത്തിന് മുന്നോടിയായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പയ്യന്നൂരിലെ കണ്ടോത്തില്‍ എകെജിയുടെ നേതൃത്വത്തില്‍ ഹരിജനങ്ങളെയും കൂട്ടി ഒരു ഘോഷയാത്രയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

സമീപത്ത് ഒരു ക്ഷേത്രമുണ്ടെന്ന പേരില്‍ ഈ നിരത്തിലൂടെ താഴ്ന്ന ജാതിക്കാരെ നടക്കാന്‍ അനുവദിച്ചിരുന്നില്ല. കെ കേളപ്പനും എ കെ ഗോപാലനും അടങ്ങുന്ന സംഘം താഴ്ന്ന ജാതിക്കാരെ ഉള്‍പ്പെടെ കൂട്ടി ഈ വഴിയിലൂടെ ജാഥ നടത്തുകയായിരുന്നു. എന്നാല്‍ ഘോഷയാത്ര റോഡിലേയ്ക്ക് പ്രവേശിക്കവേ സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ള ഒരു സംഘമെത്തി ഘോഷയാത്രയില്‍ പങ്കെടുത്തവരെ മര്‍ദ്ദിക്കുകായയിരുന്നു. ഉലക്ക ഉപയോഗിച്ചായിരുന്നു എകെജി അടക്കമുള്ളവരെ മര്‍ദ്ദിച്ചതെന്ന് ചില ഗ്രന്ഥങ്ങളില്‍ പറയുന്നു. കണ്ടോത്തെ കുറുവടി ഗുരുവായൂര്‍ സത്യാഗ്രഹത്തിന് വലിയ പ്രചാരം നേടിക്കൊടുത്തതിന് പുറമെ ഈ വഴിയിലൂടെ എല്ലാവര്‍ക്കും നടക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മലബാര്‍ ജില്ലാ ബോര്‍ഡ് അധികാരി സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

 

പൊലീസുമായുള്ള ഏറ്റുമുട്ടലും ലാത്തിച്ചാര്‍ജും സമരങ്ങളും തന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നുവെന്ന് എകെജി തന്നെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കര്‍ഷക പ്രസ്ഥാനത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഭാഗമായ എകെജി കേരളത്തില്‍ നിലനിന്നിരുന്ന ജന്മിത്തത്തിനെതിരെ ശക്തമായി പോരാടി. ജയില്‍വാസകാലത്തായിരുന്നു എകെജി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആകൃഷ്ടനായത്. 1939ല്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം പാര്‍ട്ടിയ്ക്ക് നിരോധനം വന്നപ്പോള്‍ ഒളിവില്‍ പോകുകയും ചെയ്തു. 1937ല്‍ തിരുവിതാംകൂറില്‍ ഉത്തരവാദിത്ത സര്‍ക്കാരിനു വേണ്ടിയുള്ള പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ എകെജി മലബാര്‍ മുതല്‍ മദിരാശി വരെ പട്ടിണിജാഥയും നടത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്ത് ജയിലിലായ അദ്ദേഹം പിന്നീട് ജയിലില്‍ നിന്നു രക്ഷപെട്ടു. എന്നാല്‍ പിന്നീടും തടവിലായ അദ്ദേഹം ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ജയിലിലായിരുന്നു. ഇന്ത്യന്‍ റിപബ്ലിക് രൂപം കൊണ്ടതിനു ശേഷം തുടര്‍ച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചു വിജയിച്ചു.

 

 

 

1940 ലാണ് കോഫി ബോര്‍ഡ് ഇന്ത്യന്‍ കോഫി ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1950 കളില്‍ ഇതില്‍ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എകെജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് കോഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. 1957 ഓഗസ്റ്റ് 19ന് ബാംഗ്ലൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്. ആദ്യത്തെ കോഫി ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡല്‍ഹിയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!