ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി

0

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ബി ജെ പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. നിര്‍ണായകമായ നിരവധി വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രിക പ്രധാനമായും സ്ത്രീകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതാണ്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ബി ജെ പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. നിര്‍ണായകമായ നിരവധി വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രിക പ്രധാനമായും സ്ത്രീകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതാണ്.

സമൂഹത്തിലെ പിന്നോക്ക സാഹചര്യങ്ങളില്‍ നിന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കൊണ്ട് പെണ്‍കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് നിരവധി പദ്ധതികള്‍ രൂപീകരിക്കുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഉദ്യോഗങ്ങളില്‍ 33% സംവരണം സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന നിര്‍ണായകമായ പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. സ്ത്രീകള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കാനും അവര്‍ക്ക് സൗജന്യ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പു വരുത്താനുമുള്ള സംരംഭങ്ങള്‍ ആരംഭിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പട്ടിക ജാതി, പട്ടിക വര്‍ഗ, ഒ ബി സി, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവയിലൊക്കെ ഉള്‍പ്പെടുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ പ്രകാരം ഒരു വ്യക്തിക്ക് ആകെ 3.72 ലക്ഷത്തിന്റെ സാമ്പത്തിക സഹായമാണ് ബി ജെ പി വാഗ്ദാനം ചെയ്യുന്നത്.

മമത സര്‍ക്കാരിന്റെ ‘കന്യാശ്രീ’ എന്ന പദ്ധതിക്ക് ബദലായി ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ കാലയളവില്‍ നാല് ഘട്ടങ്ങളിലായി 22,000 രൂപ നല്‍കുന്ന പദ്ധതിക്കും ബി ജെ പി രൂപം നല്‍കുന്നുണ്ട്. എട്ടാം ക്ലാസില്‍ എത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് 25,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് കന്യാശ്രീ. അതോടൊപ്പം മമത ബാനര്‍ജിയുടെ ഗവണ്‍മെന്റ് കൊണ്ടു വന്ന ‘രൂപശ്രീ’ എന്ന പദ്ധതിയെയും ബി ജെ പി ലക്ഷ്യം വയ്ക്കുന്നുണ്ട്.

18 വയസ് തികഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് 25.000 രൂപ ധനസഹായം ലഭിക്കുന്ന രൂപ ശ്രീ പദ്ധതിക്ക് പകരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അവിവാഹിതകളായ പെണ്‍കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ ഗ്രാന്റ് നല്‍കുന്ന പദ്ധതിയാണ് ബി ജെ പി പ്രകടന പത്രികയിലൂടെ പ്രഖ്യാപിക്കുന്നത്. ‘ബാലിക ആയോഗ്’ എന്ന പേരിലുള്ള പദ്ധതിയുടെ കീഴിലാവും ഈ ധനസഹായം നല്‍കുക.

കര്‍ഷകര്‍ക്ക് 10,000 രൂപയുടെ വാര്‍ഷിക ധനസഹായം നല്‍കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ പി എം കിസാന്‍ പദ്ധതിയുടെ ഭാഗമായി 6000 രൂപയും സംസ്ഥാന ഗവണ്‍മെന്റിന്റെ വകയായി 4000 രൂപയുമാണ് നല്‍കുക. ഒപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് 6000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും ബി ജെ പി പ്രഖ്യാപിക്കുന്നു.

മൂന്ന് എയിംസ് ആശുപത്രികള്‍, തലസ്ഥാന നഗരിയായ കൊല്‍ക്കത്തയുടെ വികസനത്തിനായി 22,000 കോടി രൂപ, സോണാര്‍ ബംഗ്ല എന്ന പേരില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് 11,000 കോടി രൂപ തുടങ്ങിയവയും പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളില്‍ ചിലതാണ്. വര്‍ഷങ്ങളായി അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് പൗരത്വം ഉറപ്പാക്കുമെന്നും പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത്ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!