ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു

0

തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്.

പതിനഞ്ചു ദിവസം മുന്‍പ് ഒരു ലിറ്റര്‍ പാമോയിലിന് 80 രൂപയായിരുന്നു വില. ഇപ്പോഴത് 150 ആണ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് 70 രൂപയുടെ വര്‍ധന. ഇത് തിരുവനന്തപുരം ചാലക്കമ്പോളത്തിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ വിലയാണ്. ചില്ലറക്കച്ചവടക്കാരിലൂടെ സാധാരണക്കാരിലേക്ക് എത്തുമ്പോള്‍ വില ഇനിയും കൂടുമെന്ന് അര്‍ത്ഥം. 170 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ 230 ആയി. 160 രൂപയുണ്ടായിരുന്ന നല്ലെണ്ണ 230 ആയപ്പോള്‍, 90 രൂപയുണ്ടായിരുന്ന സണ്‍ഫ്‌ളവര്‍ ഓയില്‍ 160 ആയാണ് ഉയര്‍ന്നത്. ഭക്ഷ്യ എണ്ണകളില്‍ മാത്രമല്ല, വിലക്കയറ്റം.കിലോക്ക് 70 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 130 ആയി ഉയര്‍ന്നു. 25 രൂപയുണ്ടായിരുന്ന സവോള ഒറ്റയടിക്ക് 55 ആയി. 190 രൂപയുണ്ടായിരുന്ന തേയിലക്ക് നൂറു രൂപയാണ് കൂടിയത്. 110 രൂപയുണ്ടായിരുന്ന ഉഴുന്നിന് ഇപ്പോള്‍ 140ഉം 90 രൂപയുണ്ടായിരുന്ന പരിപ്പിന് 120 രൂപയും കൊടുക്കണം. 80 രൂപയുടെ വെളുത്തുള്ളി പത്തുദിവസം കൊണ്ടാണ് 140ല്‍ എത്തിയത്. 90 രൂപയുണ്ടായിരുന്ന ഗ്രീന്‍പീസ് 130 ലേക്ക് കുതിച്ചു. കൊവിഡ് കാല പ്രതിസന്ധിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയായിരുന്ന കച്ചവടക്കാര്‍ക്കും വിലക്കയറ്റം തിരിച്ചടിയായി. ഇന്ധനവില ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ കൂടുതല്‍ അവശ്യവസ്തുക്കളുടെ വിലയിലും മാറ്റം പ്രതിഫലിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!