അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
തൊണ്ടര്‍നാട് കാഞ്ഞിരങ്ങാട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന വയനാട് അഡ്വെഞ്ചര്‍ റിസോര്‍ട്ടിന്റെ കുളത്തില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശാരി പണിക്കെത്തിയ രാജസ്ഥാന്‍ സ്വദേശി ഗമ്മര്‍ (28) ആണ് മരിച്ചത്. രാവിലെ ഇദ്ദേഹത്തിനെ കാണാതായതിനെ തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ തൊണ്ടര്‍നാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ ടൈറ്റസ്, സി.പി.ഒ ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുളത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.