ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ച. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആചാരങ്ങള്‍ പാലിച്ച് പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്രത്തില്‍ സജ്ജീകരിച്ച പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28 ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കുന്നതല്ല.
ക്ഷേത്രത്തിലുള്ള നേര്‍ച്ച വിളക്ക്കെട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആചാരമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ പത്തിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ബാലികമാര്‍ക്ക് മാത്രമായി താലപ്പൊലി ചുരുക്കി. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം നെടുമുടി വേണു നിര്‍വഹിക്കും. ഇത്തവണത്തെ ആറ്റുകാല്‍ അംബ പുരസ്‌കാരം നെുടുമുടി വേണുവിന് സമ്മാനിക്കും.