കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മേയ് 11ന് ശക്തമായ മഴ കിട്ടിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. ചൊവ്വാഴ്ച വൈകിട്ടോടെ തീവ്ര ന്യൂനമര്‍ദമായും 10ന് ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും. മേയ് 12 വരെ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കും. തുടര്‍ന്ന് വടക്ക് – വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലദേശ് – മ്യാന്മര്‍ തീരത്തേക്ക് നീങ്ങാനാണു സാധ്യത.