കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുലിനെ തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ വിമതര്‍
കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ വിമത സംഘത്തിന്റെ തീരുമാനം. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെങ്കിലും രാഹുല്‍ വിരുദ്ധ സമീപനത്തില്‍ അയവ് വരുത്തേണ്ടെന്നാണ് വിമതര്‍ക്കിടയിലെ ധാരണ.
ജി-23 എന്ന് അറിയപ്പെട്ട് തുടങ്ങിയ കോണ്‍ഗ്രസിലെ വിമത പക്ഷം സോണിയ ഗാന്ധിയുടെ ക്ഷണത്തെ സമ്മിശ്രമായാണ് വിലയിരുത്തുന്നത്. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ പ്രായപരിധി നിബന്ധന കൊണ്ട് വരുന്ന ചര്‍ച്ചകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ മുഴുകിയത്. അഹമ്മദ് പട്ടേലിന്റെ അഭാവത്തില്‍ കമല്‍നാഥിന്റെ ഉപദേശങ്ങള്‍ അവര്‍ തേടുന്നു എന്നതുകൊണ്ട് തന്നെ ചര്‍ച്ചയും ഒരു തന്ത്രമായാണ് വിമതരുടെ വിലയിരുത്തല്‍.
അധ്യക്ഷ തെരഞ്ഞെടുപ്പ് ഐക്യകണ്‌ഠേന പൂര്‍ത്തിയാക്കുക, പാര്‍ട്ടിയില്‍ പ്രായപരിധി നിബന്ധന കൊണ്ടുവരിക എന്നീ രണ്ട് നിര്‍ദേശവും ഫലത്തില്‍ പ്രതിരോധത്തിലാക്കുക തങ്ങളെ ആകും എന്നും വിമതര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ രാഷ്ട്രീയ വനവാസത്തിന് ഉള്ള വരം സ്വമേധയ ചോദിക്കാനല്ല മറിച്ച് കഴിവുറ്റ നേതൃത്വം കോണ്‍ഗ്രസിന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വിമതര്‍ അനൗദ്യോഗികമായി വ്യക്തമാക്കുന്നു.
നാളെ പത്ത് ജന്‍പഥില്‍ എത്തുന്ന വിമതര്‍ സ്വീകരിക്കുക രാഹുല്‍ ഗാന്ധി വിരുദ്ധ നിലപാട് തന്നെ ആകും. കോണ്‍ഗ്രസ് കളിപ്പാട്ടമല്ലെന്നും മികച്ച നേതൃത്വം വേണമെന്നും അതിനായി രാഹുലിന്റെ അമ്മയായല്ല കോണ്‍ഗ്രസ് അധ്യക്ഷ ആയി സോണിയ ഗാന്ധി സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും വിമത നേതാക്കള്‍ വ്യക്തമാക്കി. അതേസമയം വിമത നേതാക്കളെ സോണിയ ഗാന്ധി കാണുന്നു എന്ന വാര്‍ത്തയെ കോണ്‍ഗ്രസ് വക്താവ് നിഷേധിച്ചു. വിമതരെ അല്ല കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളെയാണ് പാര്‍ട്ടി അധ്യക്ഷ കാണുന്നതെന്നാണ് തിരുത്ത്.