കര്‍ഷക സമരം; ഡല്‍ഹിയിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കി
പതിനഞ്ചാം ദിവസവും ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രക്ഷോഭം തുടരുന്നു. ഡല്‍ഹി ഹരിയാന അതിര്‍ത്തികളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ ,ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിതോടെ, കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തി. ബദര്‍പുര്‍ അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റാനാണ് കര്‍ഷകരുടെ നീക്കം.
കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കാനാണ് തീരുമാനം. അതിര്‍ത്തികളില്‍ സമരം കടുപ്പിച്ച്തോടെ ഡല്‍ഹിയിലേക്കുള്ള ചരക്കുഗതാഗത്തെ ഇത് ബാധിക്കും. ഡിസംബര്‍ 12 ഡല്‍ഹി ജയ്പൂര്‍, ഡല്‍ഹി ആഗ്ര ദേശീയപാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.