ബിഹാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എന്‍ ഡി എ യോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്ക്കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബിഹാര്‍ എന്‍ ഡി എ ഇന്ന് യോഗം ചേരും. യോഗത്തില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ചേക്കും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നാണ് നിതീഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എങ്കിലും നീതിന്റെ പേര് മാത്രമാകും യോഗത്തില്‍ ഉയര്‍ന്നുവരുകയെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി ജെ പി നേതാക്കളും തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബി ജെ പി, ജെ ഡി യു കക്ഷികളെ കൂടാതെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. ഇരു പാര്‍ട്ടികള്‍ക്കും നാല് സീറ്റ് വീതം കിട്ടിയിരുന്നു. ഈ പാര്‍ട്ടികളെ മഹാസഖ്യം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നല്‍കിയ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈപ്പിടിയിലൊതുക്കാനാണ് ബി ജെ പി നീക്കം. സുപ്രധാന വകുപ്പുകള്‍ കൂട്ടത്തോടെ ബി ജെ പി അവകാശവാദം ഉന്നയിച്ചാല്‍ ഇത് മന്ത്രിസഭായ രൂപവത്ക്കരണത്തെ ബാധിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്.