അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കില്‍ 5000 ദിര്‍ഹം പിഴ
വിവിധ എമിറേറ്റുകളില്‍പോയി തിരിച്ചെത്തി അബുദാബിയില്‍ തുടരുന്നവര്‍ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കില്‍ 5000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴ. പിസിആര്‍ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരില്‍നിന്ന് പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കോവിഡ് ടെസ്റ്റ് നടത്താന്‍ വിസമ്മതിച്ചവര്‍ക്കാണ് വന്‍തുക പിഴ നല്‍കേണ്ടിവന്നത്.കോവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാര്‍ഗം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ എമിറേറ്റില്‍ 6 ദിവസം തങ്ങിയാല്‍ ആറാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിയമം. അതിര്‍ത്തി കടക്കുന്നവരെക്കുറിച്ചുള്ള വിവരം സര്‍ക്കാരിന് കൃത്യമായി ലഭിക്കും. നിശ്ചിത ദിവസം അതിര്‍ത്തി കടന്നതായും ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്നുമുള്ള അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും.നിശ്ചിത ദിവസം കഴിഞ്ഞിട്ടും പരിശോധന നടത്താത്തവര്‍ക്ക് പിഴ സംബന്ധിച്ച അറിയിപ്പും എസ്എംഎസില്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.