പാകിസ്ഥാനെ തകര്‍ത്ത് ‘ഓള്‍ റൗണ്ട്’ ഇന്ത്യന്‍ വനിതകള്‍
വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ പോരാട്ടത്തിനു ഗംഭീര തുടക്കമിട്ടു. ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.2 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിച്ചു. വെറും 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 109 റണ്‍സെടുത്തു വിജയം പിടിച്ചു.
ഓപ്പണര്‍മാരായ ഷെഫാലി വര്‍മ- സ്മൃതി മന്ധാന സഖ്യം 9.3 ഓവറില്‍ 85 റണ്‍സ് ചേര്‍ത്ത് വിജയത്തിനു അടിത്തറയിട്ടു. സ്മൃതി 39 പന്തില്‍ 9 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. ഷെഫാലി 29 പന്തില്‍ 6 ഫോറും ഒരു സിക്സും സഹിതം 40 റണ്‍സും എടുത്തു.
ഇരുവര്‍ക്കും പുറമെ ഹേമലത ദയാളനാണ് പുറത്തായ മറ്റൊരു താരം. 11 പന്തില്‍ 14 റണ്‍സാണ് താരം കണ്ടെത്തിയത്. ജയം സ്വന്തമാക്കുമ്പോള്‍ 5 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 3 റണ്‍സുമായി ജെമിമ റോഡ്രിഗസും പുറത്താകാതെ നിന്നു.
ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയുടെ മികച്ച ബൗളിങാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. രേണുക സിങ്, പൂജ വസ്ത്രാകര്‍, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പാക് നിരയില്‍ സിദ്ര അമിന്‍ (25) ആണ് ടോപ് സ്‌കോറര്‍. ടുബ ഹസന്‍ 19 പന്തില്‍ 22 റണ്‍സെടുത്തു. 16 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 22 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഫാത്തിമ സനയാണ് സ്‌കോര്‍ 100 കടത്തിയത്.