മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്താനും ദുരന്താനന്തര പുനര്‍നിര്‍മാണത്തിന്റെ രൂപരേഖ തയ്യാറാക്കാനുമായി കേന്ദ്രം നിയോഗിച്ച സംഘം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് സംഘം കേന്ദ്രത്തിന് കൈമാറും.യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സംഘവും കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്.അതിനിടെ,ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് നടന്നില്ല.
ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തലിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ കൂടാതെ 17 വ്യത്യസ്ത വകുപ്പുകളുടെ ഉദ്യോഗസ്ഥരും ദുരന്താനന്തര ആവശ്യങ്ങള്‍ കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സംഘവുമാണ് വയനാട് കലക്ടറേറ്റില്‍ നിന്ന് യോഗം ചേര്‍ന്നത്. വിവിധ മേഖലകളില്‍ സംഭവിച്ച ആഘാതം,നാശനഷ്ടങ്ങള്‍,അടിയന്തിര ആവശ്യങ്ങള്‍,പുനര്‍നിര്‍മാണ മാര്‍ഗങ്ങള്‍ എന്നിവ സംഘം വിലയിരുത്തും.
ഈ മാസം 31 വരെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കും.നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും കേരളം കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടു.
അതിനിടെ, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള പ്രത്യേക സംഘത്തിന്റെ തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് നടന്നില്ല.സൂചിപ്പാറ – ആനടിക്കാപ്പ് മേഖലകള്‍ കേന്ദീകരിച്ച് ഇന്നലെ നടത്തിയ തെരച്ചില്‍ 6 ശരീരഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ആവശ്യമെങ്കില്‍ വരുംദിവസങ്ങളില്‍ തിരിച്ചു തുടരുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.