മുത്തങ്ങയിൽ ടോറസ് ടിപ്പറും – കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. കാറിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശികളും ബംഗ്ലൂര് ആചാര്യ കോളജ് വിദ്യാർത്ഥികളുമായ നാല് പേർക്കാണ് പരിക്കേറ്റത്.
ദേശീയ പാത 766 ൽ കല്ലൂർ 67ന് സമീപം ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഭാഗികമായി ഗതാഗത തടസവും നേരിട്ടു.
ഒളവണ്ണ സ്വദേശി ജെയിസ് മുഹമ്മദ് (23), കല്ലായി സ്വദേശി ഫഹദ് (25)
നാദാപുരം സ്വദേശി സഫ് വാൻ എന്നിവർക്കാണ് പരുക്കേറ്റത്. ബംഗളൂരു ആചാര്യ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. ഇവരോടൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് കാര്യമായ പരുക്കുകളില്ല. അപകടത്തിൽപെട്ടവരെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപെടുത്തി ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇവരെ കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ സഫ് വാന്റെ പരുക്ക് ഗുരുതരമാണ്. നാലുപേരും കോളേജിലേക്ക് പോകും വഴിയാണ് അപകടം. ബംഗളൂരുവിലേക്ക് പോകുന്ന കാറും ഗുണ്ടൽപേട്ടയിൽ നിന്ന് മണൽ കയറ്റിവന്ന ടോറസ് ടിപ്പർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ മണൽ കയറ്റി വന്ന ടോറസ് ലോറി റോഡിന് കുറുകെ മറിഞ്ഞു. ഇതോടെ ഇതു വഴിയുളള ഗതാഗതവും ഭാഗികമായി മണിക്കൂറുകളോളം തടസപെട്ടു. പിന്നീട് ജെ സി ബി എത്തിച്ച് റോഡിൽ പരന്ന മണലും ടിപ്പറും വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻബത്തേരി പോലീസും ഫയർഫോഴ്സും വനംവകുപ്പും ചേർന്നാണ് ഗതാഗതമടക്കം നിയന്ത്രിച്ചത്.