രാജ്യത്തെ കാര്‍ഷികമേഖലയുടെ നട്ടെല്ലൊടിക്കുന്ന ആര്‍.സി.ഇ.പി കരാറില്‍ ഒപ്പുവെക്കുന്നതില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി്ക്ക് പതിനായിരം തുറന്ന കത്തുകളയച്ച് കര്‍ഷക സംഘടന. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് കത്തുകളയച്ചത്. കരാറിനെതിരെ നവംബര്‍ ഒന്നിന് ബത്തേരിയില്‍ സ്വതന്ത്രകര്‍ഷക സംഘടനകളുടെ സംസ്ഥാനതല പ്രതിഷേധ സംഗമവും നടക്കും.
രാജ്യത്തെ കാര്‍ഷികമേഖലയെ അപ്പാടെ തകര്‍ക്കുന്ന ആര്‍ സി ഇ പി കരാറില്‍ നിന്നും രാജ്യം പിന്മാറണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ എഴുതി ഒപ്പിട്ട തുറന്ന കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചത്. കരാറില്‍ ഒപ്പിട്ടാല്‍ കാര്‍ഷികമേഖലയെ മാത്രം ആശ്രയിച്ചുകഴിയുന്ന വനാടിന്റെ ചരമക്കുറിപ്പായി കരാര്‍ മാറുമെന്നും, പ്രത്യേകിച്ച് ക്ഷീരമേഖലയെ അടക്കം തകര്‍ക്കുന്ന ആര്‍ സി ഇ പി കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നാവശ്യപ്പെട്ടുമാണ് ജില്ലയില്‍ നിന്നും പ്രധാനമന്ത്രിക്ക് 10000 തുറന്ന കത്തുകള്‍ അയച്ചത്. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നിന്നുമാണ് കത്തുകള്‍ അയച്ചത് . ഓരോവര്‍ഷവും 17 കോടി ടണ്‍ പാലുല്‍പാദിപ്പിക്കുന്ന കേരളം, മഹാരാഷ്ട്ര, ഗുജറാത്ത,് കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ക്ഷീരകര്‍ഷകരായിരിക്കും കരാറിന്റെ പ്രത്യാഘാതം കൂടുതല്‍ നേരിടേണ്ടിവരിക. പ്രളയം തകര്‍ത്ത വയനാട് ക്ഷീരമേഖലയിലാണ് കരകയറികൊണ്ടിരിക്കുന്നത്. അതിനാല്‍ കരാര്‍ നടപ്പിലായാല്‍ വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയായിരിക്കും ഇതുവഴി ഉണ്ടാവുക. ഈ സാഹചര്യത്തിലാണ് കരാറില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നിന്നും പ്രധാനമന്ത്രിക്ക് തുറന്ന കത്തുകള്‍ അയച്ചത്. ബത്തേരിയില്‍ നടന്ന കത്തയക്കല്‍ പരിപാടി കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി.എം ജോയി ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ പി. ലക്ഷ്മണന്‍, വല്‍സാചാക്കോ, വി. പി വര്‍ക്കി, വി. എം വര്‍ഗീസ്, ഒ. സി ഷിബു, പി. എന്‍ സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടാതെ അടുത്ത മാസം ആദ്യം ബത്തേരിയില്‍ കര്‍ഷക സംഘടനകളുടെ സംസ്ഥാനതല പ്രതിഷേധസംഗമവും കാരാറുമായി ബന്ധപ്പെട്ട് നടക്കും.