കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. 8 വോള്‍വോ എസി സ്ലീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 310 സിഎന്‍ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങും. നിലവിലുള്ള ഡീസല്‍ എന്‍ജിനുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ അനുവദിക്കുന്നത് ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ നിശ്ചയിക്കുന്നത്. സ്ഥിരമായി നഷ്ടംവരുത്തുന്ന റൂട്ടുകള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ആദിവാസികള്‍ താമസിക്കുന്നത് പോലുള്ള ചില മേഖലകളില്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍വീസ് തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരോടും പെന്‍ഷന്‍കാരോടും അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. ഹൈക്കോടതി വിധിക്ക് വിധേയമായി എം പാനല്‍ ജീവനക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടുതല്‍ ലാഭകരമായ സിഎന്‍ജി ബസുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കെഎസ്ആര്‍ടിസി ഉദ്ദേശിക്കുന്നതെന്നും ഇലക്ട്രിക് ബസുകള്‍ ലീസിന് എടുത്തത് നഷ്ടത്തില്‍ ആയതിനാല്‍ കരാര്‍ റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പഴക്കമുള്ള കെഎസ്ആര്‍ടിസി കെട്ടിടങ്ങൾ പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തികനിലയില്‍ അതിനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളിലെ ശുചിമുറികൾ ആധുനിക രീതിയില്‍ നവീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ച് ഒരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. തമിഴ്നാടുമായി ചര്‍ച്ചചെയ്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.