മാനന്തവാടി ഉപജില്ലാ കലാമേള ഒക്ടോബര്‍ 30 മുതല്‍ കല്ലോടിയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാനന്തവാടി> ഈ വര്‍ഷത്തെ മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലാമേള കല്ലോടി സെന്റ്‌ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്നും മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 30, 31 തീയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങളും. നവംബര്‍ 2 മുതല്‍ 4 വരെ സ്റ്റേജ് ഇന മത്സരങ്ങളും നടക്കും. 30 ന് എല്‍ പി, യു പി വിഭാഗം മത്സരങ്ങളും, 31 ന്ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരങ്ങളുമാണ് നടക്കുക. സ്റ്റേജ് ഇന മത്സരങ്ങള്‍ക്കായി 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്. 134 സ്കൂളുകളില്‍ നിന്നായി അയ്യായിരത്തോളം കലാപ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. യു പി സ്കൂള്‍ അങ്കണം, പ്രിപ്രൈമറി അങ്കണം, ഹൈസ്കൂള്‍ മെയിന്‍ ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികള്‍. നവംബര്‍ 2ന് രാവിലെ 10 ന് ഒ ആര്‍ കേളു എം എല്‍ എ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ അവസാനദിനമായ നവംബര്‍ 4 നുള്ള സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് മേള സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കള്‍ വേദികളില്‍ കൊണ്ടുവരരുതെന്ന് മേളയില്‍ പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്‍ക്കും നിര്‍ദ്ദേശ൦ നല്‍കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനു വേണ്ടി 75 അംഗ ഹരിത സൈന്യം വളണ്ടിയര്‍മാരുടെ സേവനവും മേളയില്‍ ഉണ്ടാകും. ഇതിനായി ഏകദിന പരിശീലനവും വളണ്ടിയര്‍മാര്‍ക്ക് നല്‍കും.മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണ൦ ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റ്, സ്കൌട്ട് ആന്‍ഡ് ഗൈഡ്, ജെ ആര്‍ സി, ആരോഗ്യവകുപ്പ്, പൊലിസ്, കെ എസ് ആര്‍ ടി സി, പി ടി എ ഭാരവാഹികള്‍ എന്നിവരുടെ സേവനവും ഉണ്ടാവുമെന്നും സംഘാടകര്‍ അറിയിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ ഉഷാ വിജയന്‍, ജനറല്‍ കണ്‍വീനര്‍ എന്‍ പി മാര്‍ട്ടിന്‍, എം സി ഡോളി, സി വി ജോര്‍ജ്ജ്, ടോമി മാത്യു, പി എ ഷാജു,നജീബ് മണ്ണാര്‍, ആഷാ മെജോ, ആമിന അവറാന്‍, മനു കുഴിവേലില്‍,വി ടി സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.