കൊറോണാവൈറസ് തലക്കെട്ടുകള്‍ക്കുമപ്പുറം എന്താണ് വസ്തുതകള്‍ ?

0

പുതിയ വൈറസ് ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നുവെന്നാണ് കണ്ടെത്തല്‍.രൂപം മാറ്റി കൊറോണ : ബ്രിട്ടിഷ് സ്ട്രെയിന്‍ ഭീഷണിയാകുമോ?എന്താണ് ഒരു വൈറസിന്റെ ജനിതക വ്യതിയാനം (മ്യൂട്ടേഷന്‍)?തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകരമാണോ എന്ന് വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഇന്‍ഫോ ക്ലിനിക്ക് ലേഖനം വായിക്കാം.

രൂപം മാറ്റി കൊറോണ : ബ്രിട്ടിഷ് സ്ട്രെയിന്‍ ഭീഷണിയാകുമോ?

ഇംഗ്ലണ്ടില്‍ ഒരു പുതിയ തരം SARS Cov-2 കൊറോണാവൈറസ് സ്ട്രെയിന്‍ കണ്ടെത്തി എന്ന വാര്‍ത്ത ലോകമെമ്പാടും ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ തലക്കെട്ടുകള്‍ക്കുമപ്പുറം എന്താണ് വസ്തുതകള്‍ ? പുതിയ സ്ട്രെയിന്‍ അപ്രതീക്ഷിതമാണോ ? അതു കൂടുതല്‍ അപകടകരമാണോ ? നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് ഇക്കാര്യങ്ങള്‍ പരിശോധിക്കാം.

ജനിതക വ്യതിയാനം ഉള്ള പുതിയ വൈറസിനെ കണ്ടെത്തി എന്നത് ശരിയാണ്, എന്നാല്‍ ഇത് കൂടുതല്‍ അപകട സാധ്യതകള്‍ ഉയര്‍ത്തുന്നു എന്നതിന് തെളിവുകള്‍ ഇത് വരെ ലഭ്യമായിട്ടില്ല.

എന്നാല്‍ രണ്ടു കാര്യങ്ങള്‍ കൊണ്ടാവാം ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ റിസ്‌ക് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്.

കൂടുതല്‍ വെളിച്ചം വീശുന്ന തരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ വരും ദിവസങ്ങളിലേ അറിയാന്‍ കഴിയൂ. ആയതിനാല്‍ പല രാജ്യങ്ങളിലെ അധികാരികളും പുതിയ ഇനം വൈറസ് കൂടുതല്‍ പടരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിലെ മിക്കവാറും രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യകാലവും കൂടെ ക്രിസ്തുമസ് ആഘോഷ വേളയും ആയതിനാല്‍ അടഞ്ഞ മുറികള്‍ക്കുള്ളില്‍ ജനങ്ങള്‍ കൂടുതല്‍ അടുത്തിടപഴകുന്ന സാഹചര്യമാണ് വരാന്‍ പോവുന്നത്.

എന്നാല്‍ ഇതില്‍ അമിത ആശങ്കള്‍ വേണ്ട, എന്ത് കൊണ്ടെന്നു വിശദമാക്കാം.

1. എന്താണ് ഒരു വൈറസിന്റെ ജനിതക വ്യതിയാനം (മ്യൂട്ടേഷന്‍)?

ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. പല നിറങ്ങളിലുള്ള നൂറു കണക്കിന് മുത്തുകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു മാല സങ്കല്‍പ്പിക്കുക. ഇതില്‍ ഒരു മുത്ത് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥലം മാറിയാല്‍ മാലയുടെ മൊത്തത്തിലുള്ള ഉള്ള രൂപത്തിന് മാറ്റം സംഭവിക്കുമോ? സംഭവിക്കണമെന്നില്ല. എന്നാല്‍ മാലയുടെ ഒരു ഭാഗത്തെ മുത്തുകള്‍ ഒന്നിച്ചു ഒരു പ്രത്യക നിറം സ്വീകരിച്ചു എന്നിരിക്കട്ടെ, മാലയുടെ രൂപം മാറിയതായി അനുഭവപ്പെടാം. മാലക്ക് രണ്ടറ്റം ബന്ധിപ്പിക്കുന്ന ഒരു കൊളുത്തു കൂടി ഉണ്ടെന്നു വിചാരിക്കുക, ആ കൊളുത്തില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാലോ, രൂപത്തില്‍ മാത്രം അല്ല, ചിലപ്പോള്‍ മാല ഉപയോഗിക്കാ നേ കഴിയാത്ത സ്ഥിതി ഉണ്ടാകാം.

മുത്തുകള്‍ പോലെയുള്ള ന്യൂക്ലിയോടൈഡുകള്‍ കോര്‍ത്തിണക്കിയാണ് കോവിഡ് വൈറസിന്റെ ആര്‍ എന്‍ എ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ഒന്നോ രണ്ടോ ന്യൂക്ലിയോടൈഡുകള്‍ക്ക് സ്ഥലംമാറ്റം സംഭവിച്ചാല്‍ വൈറസിന്റെ പൊതുസ്വഭാവത്തിന് ഒരു മാറ്റവും സംഭവിക്കണമെന്നില്ല. എന്നാല്‍ കുറേ ന്യൂക്ലിയോറ്റൈടുകള്‍ ഒന്നിച്ചു മാറുകയോ അല്ലെങ്കില്‍ വൈറസിന്റെ ചില നിര്‍ണായക സ്ഥാനങ്ങളില്‍ മാറ്റം സംഭവിക്കുകയോ ചെയ്താല്‍ വൈറസിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാം.ഇങ്ങനെ പ്രാധാന്യം ഉള്ളതോ ഇല്ലാത്തതോ ആയ വൈറസിന്റെ ജനിതകഘടനയില്‍ വരുന്ന മാറ്റങ്ങള്‍ക്കാണ് മ്യൂട്ടേഷന്‍ എന്ന് പറയുന്നത്.

2. വൈറസിന്റെ ജനിതക വ്യതിയാനം അസാധാരണമാണോ ?

അല്ല. സൂക്ഷ്മ ജീവികളിലെ ഇത്തരം ജനിതക വ്യതിയാനങ്ങള്‍ (ങൗമേശേീി) വളരെ പണ്ടേ ശാസ്ത്ര ലോകത്തിനറിയാവുന്ന പ്രതിഭാസമാണ്.പെരുകി പുതിയവ ഉണ്ടാവുന്തോറും മ്യൂട്ടേഷനുണ്ടാവാനുള്ള സാധ്യത കൂടുന്നു. ജനിതക പദാര്‍ഥത്തില്‍ അബദ്ധവശാല്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്താനുള്ള സംവിധാനം വൈറസുകള്‍ക്ക് ഇല്ലാത്തതിനാല്‍ താരതമ്യേന വൈറസുകളില്‍ ഇതിന്റെ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം നിരവധി സ്ട്രെയിനുകളുടെ ഉത്ഭവം ശാസ്ത്ര ലോകം പ്രതീക്ഷിച്ചിരുന്നതാണ്. കൊറോണ വൈറസിന്റെ കാര്യത്തിലാണെങ്കില്‍ ഓരോ മാസവും ഒന്നോരണ്ടോ പുതിയ പ്രധാന ജനിതക വ്യതിയാനങ്ങളാണ് കണ്ടുപിടിക്കപ്പെടുന്നത്. ഈ മ്യൂട്ടേഷന്‍ കണ്ടെത്തിയതു പോലും ബോധപൂര്‍വ്വമായ ഗവേഷണ-അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.ഇംഗ്ലണ്ടിലെ വിദഗ്ധര്‍ പറയുന്നത് പ്രകാരം, 4000 ത്തോളം ജനിതക വ്യതിയാനങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്നാല്‍ ഒട്ടു മിക്കവാറും വ്യതിയാനങ്ങള്‍ പ്രസക്തമായ മാറ്റങ്ങള്‍ വൈറസിന്റെ ‘സ്വഭാവ സവിശേഷതകളില്‍’ ഉണ്ടാക്കിയിട്ടില്ല.

3. ഈ ജനിതക വ്യതിയാനം കണ്ടെത്തിയത് എങ്ങനെ?

കോവിഡ് -19 ജീനോമിക്സ് യുകെ കണ്‍സോര്‍ഷ്യം ആണ് ഈ വ്യതിയാനം ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ഡഗ യിലെ നാല് പൊതുജനാരോഗ്യ ഏജന്‍സികള്‍, സംഗേര്‍ ഇന്സ്റ്റിറ്റിയൂട്ട് കൂടാതെ 12 ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത സംരംഭമായ ഈ കണ്‍സോര്‍ഷ്യം ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്ഥാപിതമായത് മുതല്‍ നിരന്തരം റാന്‍ഡം സാമ്ബിളുകളില്‍ ജനിതക പഠനങ്ങള്‍ നടത്തിപ്പോന്നിരുന്നു. ഏപ്രില്‍ മുതല്‍ 140,000 വൈറസ് ജീനോമുകള്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

4. UK യിലെ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ എന്താണ് ?

B.1.1.7 എന്നാണ് പുതിയ സ്ട്രെയിന് പേരിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനു തെക്കുകിഴക്കു ഭാഗത്തായിട്ടാണ് ഈ വൈറസ് സ്ട്രെയിന്‍ കൂടുതലായി കാണപ്പെടുന്നത്. ലണ്ടന്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൂടുതല്‍ കേസുകളും ഇപ്പോള്‍ ഈ വൈറസ് മൂലമാണ്. ഇതിനെത്തുടര്‍ന്ന് യുകെയിലെ ചിലഭാഗങ്ങളില്‍ കടുത്ത ലോക്ഡൗണ്‍ നടപ്പാക്കിക്കഴിഞ്ഞു. ഡിസംബര്‍ 13 വരെ 1108 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

5. എന്തൊക്കെ വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളത് ?

പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്ട്രെയിനിന് ഉള്ളതായി സംശയിക്കപ്പെടുന്നത് ഇതില്‍ ഏറ്റവും പ്രധാനം കോശങ്ങള്‍ക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവര്‍ത്തിക്കുന്ന സ്പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്. കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന ച501ഥ എന്ന പേരില്‍ വിളിക്കപ്പെടുന്ന വ്യതിയാനം കൂടുതല്‍ എളുപ്പത്തില്‍ മനുഷ്യരിലേക്ക് കടക്കാന്‍ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനെക്കാള്‍ എഴുപതു ശതമാനം കൂടുതല്‍ വേഗത്തില്‍ പുതിയ സ്ട്രെയിനിനു പടര്‍ന്നുപിടിക്കാനാകും എന്നാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയാക്കാനുള്ള വിവരങ്ങള്‍ കിട്ടിയിട്ടില്ല.

6. എത്രത്തോളം സാധാരണമാണ് പുതിയ സ്ട്രെയിന്‍ ?

ലണ്ടനിലെ ഏതാണ്ട് മുക്കാല്‍ഭാഗം കൊറോണാവൈറസ് കേസുകളും ഈ സ്ട്രെയിന്‍ മൂലമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു സംശയിക്കപ്പെടുന്നു. കൂടുതല്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഇതിനു കഴിവുണ്ട് എന്നതുകൊണ്ടാണ് ഈ വ്യതിയാനമെന്നു സംശയിക്കുന്നവരുണ്ട്. നോര്‍ത്തേണ്‍ ഐര്‍ലന്‍ഡില്‍ ഒഴിച്ച് യൂക്കേയുടെ മിക്കവാറും ഭാഗങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഈ വൈറസ് എത്തിയതായി വിവരമുണ്ട്. ഇന്ത്യയിലേക്ക് ഈ വൈറസ് എത്താതിരിക്കാന്‍ ഡിസംബര്‍ 31 വരെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു. വരുന്ന ബുധനാഴ്ച മുതല്‍ ഈ നിയന്ത്രണം പ്രാബല്യത്തില്‍ വരും.

7. വ്യതിയാനം വന്ന കൊറോണ വൈറസ് വേഗം പടരുമോ?

നേരത്തെ പറഞ്ഞതുപോലെ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാനാകും എന്നാണ് (വൈറസിന്റെ ഞ0 യില്‍ 0.4 ന്റെ വര്‍ദ്ധന). അതുകൊണ്ടാണ് ലണ്ടന്‍ നഗരത്തിലെ വൈറസ് ബാധകളില്‍ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില ഗവേഷകര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഈ കാഴ്ചപ്പാടിന് വിമര്‍ശനങ്ങളും കുറവല്ല. ലണ്ടന്‍ പോലെ തിരക്കു കൂടിയ ഒരു നഗരത്തില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്ട്രെയിന്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്.

8. ഇത് കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ ?

കൂടുതല്‍ വേഗം പടര്‍ന്നു പിടിക്കാന്‍ കഴിവുണ്ടായാല്‍ പോലും കൂടുതല്‍ അപകടകാരിയാവണം എന്നില്ല.ഇതിന് ഉദാഹരണം ഉ614ഏ എന്ന പേരില്‍ അറിയപ്പെടുന്ന വ്യതിയാനം വന്ന വേരിയന്റ് ആണ്, യു.കെ യിലും എന്തിനു നമ്മുടെ കേരളത്തിലും ഒക്കെ കണ്ടെത്തിയ ഈ വേരിയന്റ് വേഗം പടര്‍ന്നു പിടിക്കുമെങ്കിലും കൂടിയ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ല.സാധാരണ നോവല്‍ കൊറോണ വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായ രോഗം ഉണ്ടാക്കാന്‍ ഈ സ്ട്രെയിനിനു കഴിവില്ല എന്ന കാര്യത്തില്‍ നിലവില്‍ ഏതാണ്ട് എല്ലാവരും യോജിക്കുന്നു.

എങ്കിലും പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന വേരിയന്റുകള്‍ കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യ സംവിധാനത്തിന്റെ ഭാരം കൂട്ടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നതാണ് പ്രസക്തമായ കാര്യം.
മേല്‍പ്പറഞ്ഞ രണ്ടു കാര്യങ്ങളിലും കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

9. ജനിതക വ്യതിയാനങ്ങളുണ്ടായാല്‍ വാക്സിന്‍ ഫലപ്രദമാവുമോ?

വൈറസിന്റെ മേലുള്ള പ്രോട്ടീനുകള്‍ക്കെതിരെ ആന്റിബോഡി നിര്‍മ്മിക്കാന്‍ ശരീരത്തെ പ്രേരിപ്പിച്ചു കൊണ്ടാണ് വാക്സിന്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ വൈറസ് അതിന്റെ പ്രോട്ടീനില്‍ വ്യതിയാനം വരുത്തിയാല്‍ വാക്സിന്‍ പ്രവര്‍ത്തിക്കാതെയാകാം. എന്നാല്‍ നിലവിലെ ഈ സാഹചര്യത്തില്‍ അത്തരമൊരു പേടി വേണ്ടതില്ല എന്നാണ് ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. അത്രയെളുപ്പം നഷ്ടപ്പെടുന്നതല്ല വാക്സിന്റെ ഫലം. ചില വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിനുകള്‍ സമാനമായ ഘടനയുള്ള മറ്റു വൈറസുകള്‍ക്കെതിരെ വരെ പ്രവര്‍ത്തിക്കാറുണ്ട്.

ഇതിനൊരു അപവാദം ഫ്ലൂ വാക്സിന്‍ ആണ്. പെട്ടെന്ന് സ്വന്തം ജനിതകഘടന മാറ്റാന്‍ ഇന്‍ഫ്ലുവന്‍സ വൈറസിനു കഴിവുള്ളതുകൊണ്ട് ഫ്ലൂ അഥവാ ഇന്‍ഫ്ലുവന്‍സാ രോഗത്തിന് ഒന്നോ രണ്ടോ കൊല്ലം കൂടുമ്‌ബോള്‍ പുതിയ വാക്സിന്‍ ഇറക്കേണ്ട ഗതികേടിലാണ് നാം. എന്നാല്‍ കൊറോണവൈറസ് ഇത്തരത്തിലുള്ള കഴിവുകളുള്ള ഒരു വൈറസ് അല്ലാത്തതിനാല്‍ ഈ ആശങ്കയ്ക്ക് നിലവില്‍ അടിത്തറയില്ല.

നിലവില്‍ നാം നിര്‍മ്മിച്ചിരിക്കുന്ന ഭൂരിഭാഗം വാക്സിനുകളും വൈറസിന്റെ സ്പൈക് പ്രോട്ടീന് എതിരെയാണ്. വൈറസ് സാവധാനം സ്പൈക് പ്രോട്ടീന്റെ ഘടനയില്‍ വ്യത്യാസം വരുത്തുന്നുണ്ട് എങ്കിലും വാക്സിന്റെ ഫലം പൂര്‍ണമായും തടയാന്‍ നിലവിലുള്ള വ്യതിയാനങ്ങള്‍ മതിയാകില്ല. എന്നാല്‍ ഇത്തരത്തില്‍ സ്പൈക് പ്രോട്ടീനുണ്ടാകുന്ന വ്യതിയാനങ്ങള്‍ തുടര്‍ന്നാല്‍ ഭാവിയില്‍ ചില വാക്സിനുകളുടെ ഫലം കുറഞ്ഞേക്കാം. പക്ഷേ, നാം ഇപ്പോള്‍ വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന വാക്സിനുകള്‍ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താന്‍ പറ്റുന്നവയാണ്. ഭാവിയില്‍ വൈറസ് വാക്സിനെതിരെ പ്രതിരോധം നേടിയാലും അത്യാവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്തി പുതിയ വാക്സിന്‍ ഇറക്കാന്‍ അധികം സമയമെടുത്തേക്കില്ല.

10. പുതിയ വൈറസിന് ജനിതക മാറ്റങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകള്‍ ഉപയോഗിച്ച് ഇതിനെ കണ്ടുപിടിക്കാന്‍ ആകുമോ

പുതിയ വ്യതിയാനങ്ങളൊന്നും നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ടെസ്റ്റുകളുടെ റിസള്‍ട്ടിനെ ബാധിക്കുന്ന തരത്തിലുള്ളവയല്ല. അതുകൊണ്ട് നിലവിലുള്ള ടെസ്റ്റുകള്‍ ഉപയോഗിച്ചാലും പുതിയ സ്ട്രെയിന്‍ മൂലമുള്ള കോവിഡ് രോഗവും നിര്‍ണയിക്കാന്‍ കഴിയും.

11. ഈ പുതിയ ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ ?

ഇത് ഇനി ഇന്ത്യയില്‍ എത്തിയാല്‍ തന്നെയും നമുക്ക് നിലവില്‍ അറിയാവുന്ന പ്രതിരോധ നടപടികള്‍ കൊണ്ടുതന്നെ ഇതിനെ തടയാവുന്നതാണ്.സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിവ കൃത്യമായി പ്രയോഗത്തിലാക്കുന്നതിലൂടെയും, ആള്‍ക്കൂട്ടങ്ങള്‍ / വായൂ സഞ്ചാരമില്ലാത്ത മുറികളിലെ ഇടപഴകല്‍ എന്നിവ ഒഴിവാക്കുന്നതിലൂടെയും ജനിതക വ്യതിയാനം വന്ന വൈറസിനെയും അകറ്റി നിര്‍ത്താന്‍ നമ്മുക്ക് കഴിയും. വീണ്ടും ആവര്‍ത്തിക്കുന്നു – വൈറസ് ഇവിടെത്തന്നെയുണ്ട് ആകാംഷ വേണ്ടതില്ല കരുതല്‍ വേണം, ജാഗ്രത തുടരണം.

ഡോ: പുരുഷോത്തമന്‍ കെ കെ, ഡോ: അരുണ്‍ മംഗലത്ത് , ഡോ: ദീപു സദാശിവന്‍, ഡോ: ഷമീര്‍ വി കെ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!