മുന്‍ എം.പിമാരുടെ കഴിവുകേട് അനുകൂല ഘടകമായി മാറ്റും: തുഷാര്‍ വെള്ളാപ്പള്ളി

0

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മുന്‍ എം പിമാരുടെ കഴിവുകേട് എന്‍.ഡി.എക്ക് അനുകൂലഘടമായി മാറുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അനുകൂല തരംഗം സൃഷ്ടിക്കുമെന്നും തുഷാര്‍. മാനന്തവാടി നിയോജക മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണ പര്യടനങ്ങള്‍ക്ക് തുടക്കമായി.

എസ്.എന്‍.ഡി.പി വൈസ് പ്രസിഡണ്ട് സ്ഥാനം തുഷാര്‍ രാജിവെയ്ക്കണമെന്ന് എസ്.ആര്‍.പി നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ച് അങ്ങനെ ഒരു പാര്‍ട്ടി ഇപ്പോഴുണ്ടോ എന്നായിരുന്നു തുഷാറിന്റെ പ്രതികരണം. രാവിലെ പൊഴുതനയില്‍ ശ്രീധന്യയുടെ വീട് സന്ദര്‍ശിക്കാന്‍ തുഷാര്‍ പോയിരുന്നെങ്കിലും അവര്‍ ആശുപത്രിയലായിരുന്നതിനാല്‍ സന്ദര്‍ശനം 9-ാം തീയ്യതിയിലേക്ക് മാറ്റിവെച്ച് തുഷാര്‍ മാനന്തവാടിയില്‍ എത്തുകയായിരുന്നു. മാനന്തവാടിയില്‍ എന്‍.ഡി.എയുടെ ഓഫീസ് മന്ദിരം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. മാനന്തവാടി എരുമത്തെരുവില്‍ യാദവ സമുദായ ഭാരവാഹികളെ കണ്ട് തുഷാര്‍ വോട്ടഭ്യര്‍ത്ഥന നടത്തി. വള്ളിയൂര്‍ക്കാവ് ട്രസ്റ്റിമാരെയും നേരില്‍ കണ്ട് തുഷാര്‍ വോട്ടഭ്യര്‍ത്ഥിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, ആന്റോ അഗസ്റ്റിന്‍, കണ്ണന്‍ കണിയാരം, വില്‍ഫ്രഡ് ഡിസൂസ തുടങ്ങിയവര്‍ തുഷാറിനെ അനുഗമിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!