വയനാടിന്റെ ഉത്സവങ്ങളിലൊന്നായ അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി വീണ്ടുമെത്തുന്നു. കോവിഡ് കാലത്ത് നിലച്ചുപോയ മേളയാണ് പൂര്‍വാധികം ഭംഗിയോടെ തിരികെക്കൊണ്ടുവരാന്‍ കാര്‍ഷിക സര്‍വകലാശാല ശ്രമമാരംഭിച്ചത്. അനുമതി ലഭിച്ചാല്‍ മേള നടത്താനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി.അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ 2014 മുതലാണ് അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശനമേളയായ പൂപ്പൊലി ആരംഭിച്ചത്.
ഓരോ വര്‍ഷവും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മേള വയനാടിന്റെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായി മാറി. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുളളവരും വിദേശികളും മേള കാണാനെത്തി. കര്‍ഷകര്‍ക്കുളള സെമിനാറുകളും വിദേശരാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യവുമെല്ലാംകൊണ്ട് മേള ജനശ്രദ്ധപിടിച്ചുപറ്റി. ലക്ഷക്കണക്കിനാളുകളാണ് ഓരോ സീസണിലും പുഷ്പോത്സവം കാണാന്‍ അമ്പലവയലില്‍ എത്തിയിരുന്നത്. 2020 ലാണ് അവസാനമായി പൂപ്പൊലി നടന്നത്. കോവിഡ് മഹാമാരിയുടെ പിടിയിലായ രണ്ടുവര്‍ഷം പുഷ്പമേള മുടങ്ങി. വയനാട്ടിലെ ജനങ്ങള്‍ കാത്തിരുന്ന ശുഭവാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.
ജനുവരി ഒന്നു മുതല്‍ പത്തുദിവസത്തേക്കാണ് സാധാരണ പൂപ്പൊലി നടക്കാറ്. പൂപ്പൊലി വീണ്ടും നടന്നാല്‍ അമ്പലവയല്‍ ടൗണിനും പരിസരപ്രദേശങ്ങള്‍ക്കും അത് വലിയ ഉണര്‍വാകും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യാപാരികളും നാട്ടുകാരും.