വേനല്‍ ആരംഭത്തില്‍ കാടുണക്കത്തെയും വന്യജീവികളുടെ കാടിറക്കവും തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വനം വകുപ്പ് ദീര്‍ഘകാല ഹ്രസ കാല പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്താനും, വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
വേനല്‍ കടുക്കുന്നതിനു മുമ്പ് തന്നെ ഉണക്ക് ബാധിച്ചു തുടങ്ങിയിട്ടുണ്ട് വയനാടന്‍ കാടുകളില്‍. ഇതോടൊപ്പം കാട്ടാനയും കടുവയും അടക്കമുള്ള വന്യമൃഗങ്ങള്‍ തീറ്റിയും വെള്ളവും തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാനും ആരംഭിച്ചു. വേനല്‍ ശക്തമാകുന്നതോടെ വയനാടന്‍ കാടുമായി അതിര്‍ത്തി പങ്കിടുന്ന മുതുമല നാഗര്‍ഹോള ബന്ദിപ്പൂര് എന്നിവിടങ്ങളില്‍ നടക്കാം വന്യമൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി ഇങ്ങോട്ട് എത്തും. ഇതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമാകും. ഇത് തടയാനാണ് വിവിധങ്ങളായ പദ്ധതികളുമായി വനം വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. വനത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി 1800 ഹെക്ടര്‍ ചതുപ്പ് നബാര്‍ഡിന്റെ പിന്തുണയോടെ പരിപാലിക്കും. മഞ്ഞെക്കൊന്ന അടക്കമുള്ള അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യും. ജലലഭ്യത ഉറപ്പാക്കാന്‍ ജലസ്രോതസ്സുകള്‍ പുനരുജീവിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. വനാതിര്‍ത്തികളില്‍ ഫെന്‍സിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തും. കൂടാതെ പെട്രോളിങ് അടക്കമുള്ളവ നടത്തി വനാതിര്‍ത്തികളിലെ കാണുന്ന വന്യമൃഗങ്ങളെ ഉള്‍വനത്തിലേക്ക് തുരത്തുന്ന നടപടികളടക്കമാണ് വനം വകുപ്പ് സ്വീകരിക്കുന്നത്.